ജമ്മുകശ്മീരില്‍ വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് 50 ശതമാനം ഇളവ്

By Web TeamFirst Published Sep 19, 2020, 4:50 PM IST
Highlights

ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഒരുവര്‍ഷത്തേക്ക്  വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് നല്‍കി.

ശ്രീനഗര്‍: കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ  സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ്  പ്രപഖ്യാപിച്ചു. ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഒരുവര്‍ഷത്തേക്ക്  വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് നല്‍കിയതാണ് സുപ്രധാന തീരുമാനം. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് പാക്കേജ് പ്രഖ്യാപിച്ചത്. 

സൂഷ്മ, ചെറുകിട, ഇടത്തരം  വ്യവസായങ്ങള്‍, വിനോദസഞ്ചാരം  തുടങ്ങിയ മേഖകള്‍ക്ക് ഒരുവര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 105 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുകയെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. കര്‍ഷകര്‍, സാധാരണക്കാര്‍, വ്യവസായികള്‍  തുടങ്ങിയവര്‍ക്ക് വലിയ ആശ്വസമാണ് ഈ തീരുമാനം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പുതിയ പുതിയ പാക്കേജ്.

 പാക്കേജിന്‍റെ ഭാഗമായി ജമ്മു കാശ്മീരില്‍ 2021 മാര്‍ച്ച് വരെ സ്റ്റാമ്പ് ഡ്യൂട്ടി  ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എല്ലാ വ്യവസായികളുടെയും വായ്പാ പലിശയില്‍  അഞ്ച് ശതമാനം ആറ് മാസത്തേക്ക് ഇളവ് നല്‍കിയിട്ടുമുണ്ട്. ഇതിലൂടെ വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ  വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മനോജ് സിന്‍ഹ അറിയിച്ചു. 

click me!