
ശ്രീലങ്ക: വ്യത്യസ്തമായ സമരരീതികളും പ്രസംഗങ്ങളും പലയിടത്തും കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ വാർത്താ സമ്മേളനം നടത്താൻ രസകരമായ വ്യത്യസ്തത പരീക്ഷിച്ചിരിക്കുകയാണ് ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദികോ ഫെർണാണ്ടോ. നാളികേര പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത് തെങ്ങിന്റെ മുകളിലിരുന്നു കൊണ്ടാണ്. ദൻകോട്ടുവയിലെ തന്റെ തെങ്ങിൻ തോപ്പിലേക്ക് അദ്ദേഹം മാധ്യമപ്രവർത്തകരെ ക്ഷണിച്ചു. പിന്നീട് തെങ്ങു കയറുന്ന യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി, കയ്യിലൊരു തേങ്ങയും പിടിച്ചാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്.
പ്രാദേശിക വ്യവസായങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും തേങ്ങ ഉപയോഗിക്കുന്നത് മൂലം രാജ്യം 700 ദശലക്ഷം തേങ്ങകളുടെ ക്ഷാമം നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു. 'ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങ് കൃഷി ചെയ്യാൻ ഉപയോഗിക്കും. രാജ്യത്തിന് വിദേശ നാണ്യം സൃഷ്ടിക്കുന്ന രീതിയിലേക്ക് നാളികേര വ്യവസായത്തെ ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.' അരുന്ദികോ പറഞ്ഞു. നാളികേരത്തിന്റെ വില കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam