
പറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായുള്ള കാത്തിരിപ്പിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ എക്‌സിറ്റ് പോളുകളിൽ ആവേശം പൂണ്ട് എൻഡിഎ ക്യാമ്പിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പറ്റ്നയിൽ, ലഡ്ഡുവിനും വമ്പിച്ച വിരുന്നിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണ സിംഗ് കല്ലു 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. 5 ലക്ഷം രസഗുള്ളയും ഓർഗർ ചെയ്തതായാണ് വിവരം.
വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡ്ഡു ഉണ്ടാക്കുന്നതെന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രമേഹമുള്ള (ഡയബറ്റിക്) അനുഭാവികൾക്ക് കഴിക്കാൻ പാകത്തിൽ മധുരം കുറച്ചാണ് ലഡ്ഡു തയ്യാറാക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിഹാറിലെ ജനങ്ങളുടെ കഠിനാധ്വാനത്തിനും ഞങ്ങളുടെ സമർപ്പിതരായ പാർട്ടി പ്രവർത്തകർക്കുമുള്ള പ്രതിഫലമാണെന്നും അത് തന്നെയാകും വോട്ടെണ്ണലിലും പുറത്ത് വരികയെന്നുമുള്ള പ്രത്യാശയിലാണ് ബിജെപി. ഇത്തവണയും എൻഡിഎ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.