
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ 8മണി മുതലാണ് തുടങ്ങുക. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏറ്റവും ഒടുവിൽ പുറത്തുവന്ന ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എക്ക് മുൻതൂക്കം പ്രവചിക്കുന്നതാണെങ്കിലും കടുത്ത മത്സരമെന്ന സൂചനയും നൽകുന്നുണ്ട്. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ 43% വോട്ടർമാരുടെ പിന്തുണ എൻ ഡി എക്കാണ്. 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടർമാരിൽ പുരുഷന്മാരുടെ പിന്തുണ കൂടുതൽ മഹാസഖ്യത്തിന് പ്രവചിക്കുമ്പോൾ സ്ത്രീകൾ എൻ ഡി എക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കിൽ എൻ ഡി എയാണ് മുന്നിൽ. തൊഴിൽരഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ മഹാസഖ്യത്തിനൊപ്പം നിൽക്കുമ്പോൾ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകൾ, സ്വകാര്യ ജീവനക്കാർ തുടങ്ങിയവരുടെ പിന്തുണ എൻ ഡി എക്കൊപ്പമാണ്. ഗ്രാമപ്രദേശങ്ങളിലും, നഗരങ്ങളിലും എൻ ഡി എ മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ നൽകുന്നത്. എല്ലാ എക്സിറ്റ്പോൾ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.
ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം വാദിക്കുന്നത്. എന്നാൽ എൻഡിഎ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്നാണ് ബിജെപി അവകാശപ്പെട്ടത്. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.