
ചെന്നൈ: വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കെതിരെ അന്വേഷണം. അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ നിക്ഷേപിക്കുമെന്നായിരുന്നു ബേട്ടമുഗിലാലത്തെ അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ വാഗ്ദാനം. ഉന്നത ഉദ്യോഗസ്ഥര്‍ എബിപിഎമ്മിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
“ബേട്ടമുഗിലാലം ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി മോദി അതിൽ 10,000 രൂപ നിക്ഷേപിക്കുമെന്നാണ് പറഞ്ഞത്. 500 രൂപ, മൂന്ന് ഫോട്ടോകൾ, പാൻ കാർഡിന്‍റെ ഫോട്ടോ കോപ്പികൾ, ആധാർ എന്നിവയുമായി പോസ്റ്റ് ഓഫീസിനെ സമീപിക്കാൻ എബിപിഎം മുരുകേശൻ വാഗ്ദാനം നല്‍കുകയായിരുന്നുവെന്ന് കൊട്ടയൂർകൊല്ലൈയിലെ കര്‍ഷകനായ എം വീരബതിരൻ പറഞ്ഞു.
ബേട്ടമുഗിലാലം പഞ്ചായത്തിലെ പല ആദിവാസി ഊരുകളിലേക്കും ഈ വിവരം പരന്നു. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസിൽ പോയി കാര്യം തിരക്കി. എന്നാൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 1000 രൂപ ‘കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ’യിൽ നിക്ഷേപിക്കുന്നത് പോലെ ഭാവിയിൽ മോദി പണം നിക്ഷേപിക്കുമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് എബിപിഎം പറഞ്ഞു. മുരുകേശൻ അപേക്ഷകർക്ക് പണവും രേഖകളും തിരികെ നൽകാൻ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരുകേശൻ കുറച്ച് ദിവസം മുമ്പ് ഗ്രാമം സന്ദർശിച്ച് മോദിയുടെ പണം നിക്ഷേപിക്കുന്ന കാര്യം അറിയിച്ചുവെന്നാണ് പ്രദേശവാസിയായ എം പുഷ്പ പറയുന്നത്. തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അക്കൗണ്ട് തുടങ്ങാൻ അപേക്ഷ നൽകി. ബുധനാഴ്ച 500 രൂപ തിരികെ ലഭിച്ചു, രേഖകൾ മുരുകേശൻ കീറിക്കളഞ്ഞുവെന്നും അവര്‍ പറഞ്ഞു. ബേട്ടമുഗിലാലം പോസ്റ്റ് ഓഫീസിൽ ഒരാഴ്ചയ്ക്കിടെ അൻപതോളം അപേക്ഷകളാണ് ലഭിച്ചത്. ചൊവ്വാഴ്ചയാണ് 15 അപേക്ഷകർക്ക് പണം തിരികെ നൽകിയ കാര്യം അറിഞ്ഞത്. താമസിക്കാതെ ശേഷിക്കുന്ന അപേക്ഷകർക്ക് അവരുടെ പണം തിരികെ ലഭിക്കും. വകുപ്പ് അന്വേഷണം നടത്തുമെന്ന് പോസ്റ്റല്‍ ഇൻസ്പെക്ടര്‍ വി പളനിമുത്തു പറഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ടൈ താലൂക്കിലെ ബേട്ടമുഗിലാലം പഞ്ചായത്തിലാണ് ജില്ലയിലെ തന്നെ കൂടുതൽ ആദിവാസി ഊരുകളുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam