ദില്ലി തെരഞ്ഞെടുപ്പ്; 51 % ആം ആദ്മി സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസിലെ പ്രതികള്‍, തൊട്ടു പിന്നില്‍ ബിജെപി

By Web TeamFirst Published Feb 1, 2020, 5:26 PM IST
Highlights

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ 672 സ്ഥാനാർത്ഥികളിൽ 133 പേര്‍ക്ക് (20%)  ക്രിമിനൽ കേസുകൾ ഉണ്ട്.  കഴിഞ്ഞ വര്‍ഷം ഇത് 17 ശതമാനമായിരുന്നു.

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളില്‍ 51 ശതമാനം പേരും ക്രിമിനല്‍ കേസിലെ പ്രതികളിലെന്ന് റിപ്പോര്‍ട്ട്. ആം ആദ്മിയുടെ 67 സ്ഥാനാര്‍ത്ഥികളില്‍ 36 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിപോംസ്(എഡിആര്‍) പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികളില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപിയുടെ 67 സ്ഥാനാര്‍ത്ഥികളില്‍ 17 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. കോണ്‍ഗ്രസില്‍ 66 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. ബഹുജൻ സമാജ് പാർട്ടിയുടെ മൊത്തം 66 സ്ഥാനാർത്ഥികളിൽ 10 പേരും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ മൊത്തം അഞ്ച് സ്ഥാനാർത്ഥികളിൽ രണ്ട് പേര്‍ക്കും ക്രിമിനല്‍ കേസുകളുണ്ട്. 

ദില്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ 672 സ്ഥാനാർത്ഥികളിൽ 133 പേര്‍ക്ക് (20%)  ക്രിമിനൽ കേസുകൾ ഉണ്ട്. 2015 ൽ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ 673 സ്ഥാനാർത്ഥികളാണ് മത്സരിച്ചിരുന്നത്. അതിൽ 114 പേര്‍ക്ക് (17%) ക്രിമിനൽ കേസുകളുണ്ടായിരുന്നു. 

വരുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ 672 സ്ഥാനാർത്ഥികളിൽ 210 പേർ ദേശീയ പാർട്ടികളിൽ നിന്നും 90 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 224 പേർ രജിസ്റ്റർ ചെയ്യപ്പെടാത്ത പാർട്ടികളിൽ നിന്നും 148 സ്ഥാനാർത്ഥികൾ സ്വതന്ത്രരായും മത്സരിക്കുന്നുണ്ട്. ഈ വർഷം ആകെ 95 രാഷ്ട്രീയ പാർട്ടികൾ മത്സര രംഗത്തുണ്ട്.  201ല്‍ ഇത് 71  ആയിരുന്നുവെന്നും  എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.

click me!