
ദില്ലി: ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്‍റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടുമൊരു വെടിവെപ്പ്.
അതേസമയം ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.“ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാറാണ്, പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേഗദതിയെക്കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണ്,” രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു. താൻ പങ്കെടുത്ത ഒരു ടിവി ചർച്ചയുടെ ലിങ്കും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ചർച്ചയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരാൾ മന്ത്രിയോട് ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കാത്തത് എന്ന്. ഇത് മറുപടി നൽകിയിരിക്കുകയാണ് മന്ത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam