Yogi 2.0 : സസ്പെൻസുകൾ അവസാനിച്ചു, യോഗിക്ക് 52 അംഗ മന്ത്രിസഭ, 10% ത്തോളം വനിതകൾ, ദാനിഷ് അൻസാരി ന്യൂനപക്ഷ മുഖം

Web Desk   | Asianet News
Published : Mar 25, 2022, 08:51 PM IST
Yogi 2.0 : സസ്പെൻസുകൾ അവസാനിച്ചു, യോഗിക്ക് 52 അംഗ മന്ത്രിസഭ, 10% ത്തോളം വനിതകൾ, ദാനിഷ് അൻസാരി ന്യൂനപക്ഷ മുഖം

Synopsis

മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമയെ മാറ്റിയപ്പോള്‍ പകരം ബ്രാഹ്മണ സമുദായത്തില്‍ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠക്കിനാണ് രണ്ടാമത് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ബിഎസ്പിയുടെ ബ്രാഹ്മണ മുഖമായിരുന്ന ബ്രജേഷ് പാഠക്ക് 2016 ലാണ് ബിഎസ്പി വിട്ട് ബിജെപിയിലേക്ക് എത്തിയത്

ലഖ്നൗ: ആരൊക്കെ ഉപമുഖ്യമന്ത്രിയാകും എന്നതിനൊപ്പം സിരാത്തുവില്‍ തോറ്റ കേശവ് പ്രസാദ് മൗര്യയെ നിലനിര്‍ത്തുമോയെന്നതായിരുന്നു യോഗിയുടെ (Yogi Adityanath) സത്യപ്രതിജ്ഞക്ക് മുൻപുള്ള ഏറ്റവും വലിയ സസ്പെൻസ്. ഒടുവില്‍ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പാഠക്കും ഉപമുഖ്യമന്ത്രിമാരാകും എന്ന സൂചനകള്‍ പുറത്ത് വന്നു. ഉത്തരാഖണ്ഡില്‍  തോറ്റ  പുഷ്കര്‍ സിങ് ധാമിയെ തന്നെ മുഖ്യമന്ത്രിയാക്കാനുളള തീരുമാനത്തോടെ കേശവ് പ്രസാദ് മൗര്യക്കും വഴി തുറക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പിന്നോക്ക വിഭാഗം നേതാവായ കേശവ് പ്രസാദ് മൗര്യയെ മാറ്റി നിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നത് അടക്കമുള്ള വിലയിരുത്തലുകള്‍ അദ്ദേഹത്തിന് ഗുണകരമായി. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ്  സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള മൂന്ന് പിന്നോക്ക വിഭാഗം നേതാക്കളും ചില എംഎല്‍എമാരും പാര്‍ട്ടി വിട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്തായിരുന്നു കേശവ് പ്രസാദ് മൗര്യയെ നിലനിര്‍ത്താനുളള പാര്‍ട്ടി തീരുമാനം.

മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമയെ മാറ്റിയപ്പോള്‍ പകരം ബ്രാഹ്മണ സമുദായത്തില്‍ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠക്കിനാണ് രണ്ടാമത് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ബിഎസ്പിയുടെ ബ്രാഹ്മണ മുഖമായിരുന്ന ബ്രജേഷ് പാഠക്ക് 2016 ലാണ് ബിഎസ്പി വിട്ട് ബിജെപിയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും ക്യാബിനെറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് പ്രമുഖ വകുപ്പ് തന്നെ ലഭിക്കും.

മോദിയുടെ അടുപ്പക്കാരനായ എകെ ശര്‍മയാണ് മന്ത്രിസ്ഥാനം ലഭിച്ച മറ്റൊരു പ്രമുഖന്‍ . ഐഎഎസ് ഉദ്യോഗസ്ഥനായ എ.കെ.ശർമ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴും പ്രധാനമന്ത്രിയായപ്പോഴും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാഠവ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറുമായ ബേബി റാണി മൗര്യയും ക്യാബിനെറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കും ബേബി റാണി മൗര്യയുടെ പേര് ഉയര്‍ന്നിരുന്നു. മുതിർന്ന നേതാവ് സുരേഷ് ഖന്ന, കോണ്‍ഗ്രസില്‍ നിന്ന് എത്തിയ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവ് ജിതിന്‍ പ്രസാദ എന്നിവരും രണ്ടാം മന്ത്രിസഭയിലും മന്ത്രിമാരായി തുടരും.

52 അംഗ മന്ത്രി സഭയില്‍ 16 ക്യാബിനറ്റ് മന്ത്രമാരും 14 സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരുമാണ് ഉള്ളത്. അഞ്ച് വനിതകള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഇതില്‍ മൂന്ന് പേര്‍ ദളിത് വിഭാഗത്തില്‍ നിന്നും രണ്ട് പേര്‍ ബ്രാഹ്മണ്‍ വിഭാഗത്തില്‍ നിന്നുമാണ്. ദാനിഷ് ആസാദ് അൻസാരിയാണ് മന്ത്രിസഭയിലെ ഏക ന്യൂനപക്ഷ മുഖം. മുഹസിൻ റാസയായിരുന്നു കഴിഞ്ഞ മന്ത്രിസഭയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മന്ത്രി.

രണ്ടാമൂഴത്തിൽ കരുത്തോടെ മുന്നോട്ട്; ഇനി ബിജെപിക്കും യോഗിക്കും മുന്നിൽ ഒരൊറ്റ ലക്ഷ്യം

രണ്ടാമൂഴമെന്ന അപൂര്‍വ്വ നേട്ടത്തിലൂടെയാണ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി കസേരയില്‍ യോഗി ആദിത്യനാഥ് വീണ്ടുമെത്തിയത്. വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ജനങ്ങള്‍ക്ക് നല്‍കിയാണ് ഉത്തര്‍പ്രദേശിന്‍റെ ഭരണ സാരഥ്യം യോഗി വീണ്ടും ഏറ്റെടുത്തത്. അഞ്ച് വര്‍ഷം തികച്ച് ഭരിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയാകുന്നുവെന്ന അപൂര്‍വ്വതയ്ക്ക് കൂടിയാണ് യു പി ജനത സാക്ഷ്യം വഹിച്ചത്. 1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട യോഗി ആദിത്യനാഥ് 19 വര്‍ഷം കൊണ്ട് ഉത്തര്‍ പ്രദേശിന്‍റെ സാരഥിയായി. അഞ്ച് വര്‍ഷത്തിന് ശേഷം രണ്ടാമൂഴം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി കുതിക്കുന്ന യോഗിക്കും ബിജെപിക്കും മുന്നിൽ ഇനി ഒരേ ഒരു ലക്ഷ്യം മാത്രമാണുള്ളത്. 2024ലെ പൊതു തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാകും ഇനിയുള്ള യോഗിയുടെ ഭരണ നാളുകള്‍.

ഉത്തര്‍പ്രദേശിന്‍റെ വികസനം ഉയർത്തിക്കാട്ടി നേരിട്ട ഈ തെരഞ്ഞെടുപ്പിലെ ജയം മോദി ഫാക്ടറിനേക്കാള്‍ ഉപരി യോഗിയുടെ ഭരണ നേട്ടത്തിനുള്ള അംഗീകാരമായാണ് വിലയിരുത്തുന്നത്. ജനഹിതം അനുകൂലമാക്കാന്‍ ക്രമസമാധാന പാലനമടക്കമുള്ള വിഷയങ്ങള്‍ ഗുണം ചെയ്തതിനാൽ രണ്ടാം യോഗി സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതും സുരക്ഷക്ക് തന്നെയാകും. ഒപ്പം വികസനമെന്ന അജണ്ടയ്ക്കും. കഴിഞ്ഞ തവണത്തേക്കാള്‍ പ്രതിപക്ഷത്തിന്  അംഗബലം കൂടിയെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്‍റെ ബലം യോഗിയുടെ ആത്മവിശ്വാസം കൂട്ടും. മുഖ്യമന്ത്രിയെന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്യം ബി ജെ പി, യോഗിക്ക് നല്‍കാനിടയുണ്ട്. ഉത്തര്‍പ്രദേശ് ജയിച്ചാല്‍ ദില്ലിയിലെത്താമെന്ന വിശ്വാസം 2024ല്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാകും ഇനിയങ്ങോട്ട് യോഗിയും ബി ജെ പി കേന്ദ്ര നേതൃത്വവും.

യുപി മുഖ്യമന്ത്രിയായി യോഗിക്ക് രണ്ടാമൂഴം, മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രിയുടെ വിശ്വസ്തനും

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു യോഗി വീണ്ടും ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്നൗ സ്റ്റേഡിയത്തിൽ ന‌ടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'
ദൃശ്യപരത പൂജ്യം! ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാജ്യത്തെ വ്യോമഗതാഗതം താറുമാറായി, ഇന്ന് 73 വിമാനങ്ങൾ റദ്ദാക്കി