1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട യോഗി ആദിത്യനാഥ് 19 വര്‍ഷം കൊണ്ട് ഉത്തര്‍ പ്രദേശിന്‍റെ സാരഥിയായി. അഞ്ച് വര്‍ഷത്തിന് ശേഷം രണ്ടാമൂഴം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി
ലഖ്നൗ: രണ്ടാമൂഴമെന്ന അപൂര്‍വ്വ നേട്ടത്തിലൂടെയാണ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി കസേരയില്‍ (Chief Minister of Uttar Pradesh) യോഗി ആദിത്യനാഥ് (Yogi Adityanath) വീണ്ടുമെത്തിയത്. വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ജനങ്ങള്‍ക്ക് നല്‍കിയാണ് ഉത്തര്‍പ്രദേശിന്‍റെ ഭരണ സാരഥ്യം യോഗി വീണ്ടും ഏറ്റെടുത്തത്. അഞ്ച് വര്‍ഷം തികച്ച് ഭരിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയാകുന്നുവെന്ന അപൂര്‍വ്വതയ്ക്ക് കൂടിയാണ് യു പി ജനത സാക്ഷ്യം വഹിച്ചത്.
1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട യോഗി ആദിത്യനാഥ് 19 വര്‍ഷം കൊണ്ട് ഉത്തര്‍ പ്രദേശിന്‍റെ സാരഥിയായി. അഞ്ച് വര്‍ഷത്തിന് ശേഷം രണ്ടാമൂഴം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി കുതിക്കുന്ന യോഗിക്കും ബിജെപിക്കും മുന്നിൽ ഇനി ഒരേ ഒരു ലക്ഷ്യം മാത്രമാണുള്ളത്. 2024ലെ പൊതു തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാകും ഇനിയുള്ള യോഗിയുടെ ഭരണ നാളുകള്‍.
ഉത്തര്‍പ്രദേശിന്‍റെ വികസനം ഉയർത്തിക്കാട്ടി നേരിട്ട ഈ തെരഞ്ഞെടുപ്പിലെ ജയം മോദി ഫാക്ടറിനേക്കാള്‍ ഉപരി യോഗിയുടെ ഭരണ നേട്ടത്തിനുള്ള അംഗീകാരമായാണ് വിലയിരുത്തുന്നത്. ജനഹിതം അനുകൂലമാക്കാന്‍ ക്രമസമാധാന പാലനമടക്കമുള്ള വിഷയങ്ങള്‍ ഗുണം ചെയ്തതിനാൽ രണ്ടാം യോഗി സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതും സുരക്ഷക്ക് തന്നെയാകും. ഒപ്പം വികസനമെന്ന അജണ്ടയ്ക്കും. കഴിഞ്ഞ തവണത്തേക്കാള്‍ പ്രതിപക്ഷത്തിന് അംഗബലം കൂടിയെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്‍റെ ബലം യോഗിയുടെ ആത്മവിശ്വാസം കൂട്ടും.
മുഖ്യമന്ത്രിയെന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്യം ബി ജെ പി, യോഗിക്ക് നല്‍കാനിടയുണ്ട്. ഉത്തര്‍പ്രദേശ് ജയിച്ചാല്‍ ദില്ലിയിലെത്താമെന്ന വിശ്വാസം 2024ല്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാകും ഇനിയങ്ങോട്ട് യോഗിയും ബി ജെ പി കേന്ദ്ര നേതൃത്വവും.
യുപി മുഖ്യമന്ത്രിയായി യോഗിക്ക് രണ്ടാമൂഴം, മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രിയുടെ വിശ്വസ്തനും
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു യോഗി വീണ്ടും ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ എന്നിവർ ലഖ്നൗ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.
