
ദില്ലി: സ്ഥാനാർത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് 6 ബിജെപി നേതാക്കൾ രാജിവെച്ചു. സീറ്റിനെ ചൊല്ലി ദിവസങ്ങളായി മധ്യപ്രദേശിൽ പ്രതിഷേധം നടക്കുകയാണ്. നിലവിൽ 20ലധികം സീറ്റുകളിൽ സീറ്റു കിട്ടാത്തതിനെ ചൊല്ലിയുള്ള കലഹം തുടരുന്നുണ്ട്. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു. അതേസമയം, ബിജെപിയിൽ മാത്രമല്ല, കോൺഗ്രസിലും സീറ്റ് തർക്കം മുറുകുകയാണ്. കോൺഗ്രസിൽ നാല്പതോളം മണ്ഡലങ്ങളിൽ തർക്കം ശക്തമായി. തർക്കത്തെ തുടർന്ന് അഞ്ചു നേതാക്കൾ പാർട്ടി വിട്ടതായാണ് റിപ്പോർട്ട്.
മധ്യപ്രദേശിൽ നേരത്തെ, കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെതിരെയും ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. കേന്ദ്രമന്ത്രിയെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തിരുന്നു. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേർന്ന് കയ്യേറ്റം ചെയ്തിരുന്നു.
ഒരു മണിക്കൂറോളമാണ് ജബൽപൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവർത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി. ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂർ, സത്ന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പാർട്ടിയില്‍ പ്രതിഷേധമുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam