'ബിജെപി നേതാവിന്റെ റിസോർട്ട് വ്യഭിചാര കേന്ദ്രം'; ആറ് കുട്ടികളെ മോചിപ്പിച്ചു, 73 പേർ പിടിയിൽ

By Web TeamFirst Published Jul 24, 2022, 2:08 PM IST
Highlights

റിസോർട്ടിന്റെ മറവിൽ വ്യഭിചാര കേന്ദ്രം നടത്തിയെന്ന ആരോപണത്തിൽ ബിജെപി നേതാവിനെ തേടി മേഘാലയ പൊലീസ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ബെർണാഡ് എൻ. മാരകിനെതിരെയാണ് ആരോപണമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

ഗുവാഹട്ടി: റിസോർട്ടിന്റെ മറവിൽ വ്യഭിചാര കേന്ദ്രം നടത്തിയെന്ന ആരോപണത്തിൽ ബിജെപി നേതാവിനെ തേടി മേഘാലയ പൊലീസ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ബെർണാഡ് എൻ. മാരകിനെതിരെയാണ് ആരോപണമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കുട്ടികളെ മോചിപ്പിക്കുകയും, വ്യഭിചാര കുറ്റം ചുമത്തി 73 പേർ അറസ്റ്റിലാവുകയും ചെയ്തത്.

വൃത്തിഹീനമായ ചെറു മുറികളിൽ പൂട്ടിയിട്ട നിലയിരലായിരുന്നു കുട്ടികൾ. വെള്ളിയാഴ്ച അർധരാത്രി വെസ്റ്റ് ഗാരോ ഹിൽസിലെ റിംപു ബംഗാൻ റിസോർട്ടിൽ  ആരംഭിച്ച പൊലീസ് റെയ്ഡ്  ശനിയാഴ്ച പകൽ വരെ നീണ്ടതായും റിപ്പോർട്ടിൽ പറയുന്നു.  ബിജെപി നേതാവായ ബെർണാഡോ റിസോർട്ടിന്റെ മറവിൽ വ്യഭിചാര കേന്ദ്രം നടത്തിവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ പൊലീസിനെ സമീപിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തിലേക്ക് നയിച്ചത്. പെൺകുട്ടി ഗാരോ ഹിൽസിലെ തുറ എന്ന സ്ഥലത്തുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് റിസോർട്ടിൽ നടക്കുന്ന പീഡന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.  ഒരു സുഹൃത്ത് തന്നെ റിസോർട്ടിലെത്തിച്ചെന്നും, ഒരാഴ്ചയിലേറെ നിരവധി തവണ താൻ ലൈംഗിക ചൂഷണത്തിന് വിധേയമായെന്നും പെൺകുട്ടി മൊഴി നൽകി.

ഇതിന് പുറമെ നാട്ടുകാരിൽ നിന്ന് കൂടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസ് നിലവിലുണ്ട്.  മുപ്പതോളം ചെറിയ മുറികളാണ് റിസോർട്ടിലുള്ളത്. മൂന്നു നിലയുള്ള കെട്ടിടത്തിലാണ്  റിംപു ബഗാൻ റിസോർട്ട് പ്രവർത്തിച്ച് പോന്നത്. 

Read more: സര്‍ട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് വേണമെന്നില്ല, അമ്മയുടെ പേര് മാത്രം നൽകാമെന്ന് ഹൈക്കോടതി

അതേസമയം മേഘാലയ പൊലീസിന്റെ ആരോപണങ്ങൾ ബെർണാഡ് തള്ളുകയാണ്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കോൺറാഡ് സാങ്മ തന്നോട് പകവീട്ടുകയാണെന്നുമാണ് ബെർണാഡിന്റെ ആരോപണം. തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വ്യാജമാണ്.  മുഖ്യമന്ത്രിയാണ് റെയ്ഡിന് ഉത്തരവിട്ടത്.  റിസോർട്ടിൽ തെറ്റായ കാര്യങ്ങളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ മുഖ്യന്ത്രി ദുരുപയോഗം ചെയ്യുകയാണ്.  രാഷ്ട്രീയ വിദ്വേഷം തീർക്കാൻ തന്നെ ജയിലിലാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.  

Read more: ' ആരാണ് കള്ളം പറയുന്നത്'; സ്മൃതി ഇറാനിയുടെ മകൾ ബാർ റെസ്റ്റോറന്റിനെ കുറിച്ച് പറയുന്നത് ആയുധമാക്കി കോൺഗ്രസ്

കേസിൽ പിടിയിലായവരൊന്നും അസാൻമാർഗികളല്ല. താൻ സ്പോൺസർഷിപ്പിൽ പഠിപ്പിക്കുന്ന വിദ്യാർത്ഥികളാണവർ. പൊലീസ് അവിടെ അതിക്രമിച്ച് കടക്കുകയായിരുന്നു. പ്രായപൂർത്തിയായവർ പാർട്ടികൾക്ക് ഒത്തു ചേരുന്നത് വ്യഭിചാരമല്ല. ഒരു ഹോം സ്റ്റേയെ വ്യഭിചാര കേന്ദ്രമെന്ന് വിശേഷപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൂടി ഉൾപ്പെടുന്ന മേഘാലയ ഡെമോക്രാറ്റിക് മുന്നണിയാണ്  മേഘാലയ ഭരിക്കുന്നത്.  ഗാരോ ഹിൽ സ്വയംഭരണ  ജില്ലാ കൌൺസിൽ അംഗം കൂടിയായ ബെർണാഡ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്  വിവാദമായിരുന്നു. റെയ്ഡിനെ കുറിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പ്രതികരണം വന്നിട്ടില്ല. 

click me!