
കൊച്ചി: ഇന്ത്യൻ നാവിക സേനക്ക് കരുത്തേകാൻ എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്ടറുകൾ എത്തുന്നു. ഇന്ന് വൈകുന്നേരം 4.30ന് കൊച്ചിയിൽ ആറ് ഹെലികോപ്ടറുകൾ കമ്മീഷൻ ചെയ്യും. കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്താണ് കമ്മീഷൻ ചടങ്ങുകൾ. ഐഎൻഎസ് ഗരുഡയിലെ ഹാങ്ങർ 550ൽ നടക്കുന്ന ചടങ്ങിൽ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറാണ് ചടങ്ങിലെ മുഖ്യാതിഥി. അമേരിക്കയിൽ നിന്നാണ് റോമിയോ ഹെലികോപ്ടറുകൾ എത്തുന്നത്.
24 എണ്ണം വാങ്ങിയതിൽ ആദ്യഘട്ടത്തിൽ ആറെണ്ണമാണ് എത്തിയത്. എംഎച്ച് 60 ആർ ഹെലികോപ്ടറുകൾ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 334(ഐഎൻഎഎസ്) എന്നാണ് അറിയപ്പെടുക. കടലിനടിയിൽ മറഞ്ഞിരിക്കുന്ന അന്തർവാഹിനികളെ വരെ കണ്ടെത്താൻ ശേഷിയുള്ളവയാണ് റോമിയോ ഹെലികോപ്ടറുകൾ.
പുറമെ, സമുദ്രത്തിൽ ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്താകും. ശത്രു കപ്പലുകളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങൾ ഹെലികോപ്ടറിലുണ്ട്. തിരച്ചിൽ, രക്ഷാദൗത്യം, മെഡിക്കൽ എമർജൻസി എന്നിവക്കും ഉപയോഗിക്കാമെന്നതാണ് നേട്ടം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്താണ് പുതിയ ഹെലികോപ്ടറുകൾ.