തിരുവനന്തപുരം കൂടുതല്‍പണം ചെലവാക്കിയ മണ്ഡലങ്ങളിലൊന്ന്; 2019 തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് 60000 കോടി

By Web TeamFirst Published Jun 3, 2019, 7:38 PM IST
Highlights

1998ല്‍ മൊത്തം തുകയുടെ 20 ശതമാനമാണ് ബിജെപി ചെലവാക്കിയതെങ്കില്‍ 2019ല്‍ എത്തിയപ്പോള്‍ 25 ശതമാനം വര്‍ധിച്ച് 45 ശതമാനമായി ഉയര്‍ന്നു. അതേസമയം, 2009ല്‍ കോണ്‍ഗ്രസ് മൊത്തം തുകയുടെ 45 ശതമാനവും കോണ്‍ഗ്രസായിരുന്നു ചെലവാക്കിയതെങ്കില്‍ 2019 ആയപ്പോഴേക്കും 15-20 ശതമാനമായി കുറയുകയും ചെയ്തു. 

ദില്ലി: 2019 ലോക്സഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ച തുകയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്. പോള്‍ എക്സ്പന്‍ഡിച്ചര്‍: 2019 ഇലക്ഷന്‍ എന്ന റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 55000-60000 കോടി രൂപയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനാിരാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത്. ഇതില്‍ 45 ശതമാനവും(ഏകദേശം 27000 കോടി രൂപ) ചെലവഴിച്ചത് ബിജെപിയാണ്.

1998ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുമുതല്‍ ഏഴുമടങ്ങുവരെയാണ് ചെലവാക്കിയ പണത്തിന്‍റെ വര്‍ധനവ്. ഒരു വോട്ടര്‍ക്ക് ശരാശരി 700 രൂപവരെ ചെവലവായെന്നാണ് കണക്ക്. കൂടുതല്‍ പണം ചെലവാക്കിയ മണ്ഡലങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തി, സുമലത മത്സരിച്ച മാണ്ഡ്യ, കലബുര്‍ഗി, ഷിമോഗ, ബാരാമതി,  തിരുവനന്തപുരമുള്‍പ്പെടെ 80-85 മണ്ഡലങ്ങളാണ് ശരാശരി 40 കോടി രൂപ പ്രചാരണത്തിനായി ചെലവാക്കിയത്. 

1998ല്‍ മൊത്തം തുകയുടെ 20 ശതമാനമാണ് ബിജെപി ചെലവാക്കിയതെങ്കില്‍ 2019ല്‍ എത്തിയപ്പോള്‍ 25 ശതമാനം വര്‍ധിച്ച് 45 ശതമാനമായി ഉയര്‍ന്നു. അതേസമയം, 2009ല്‍ കോണ്‍ഗ്രസ് മൊത്തം തുകയുടെ 45 ശതമാനവും കോണ്‍ഗ്രസായിരുന്നു ചെലവാക്കിയതെങ്കില്‍ 2019 ആയപ്പോഴേക്കും 15-20 ശതമാനമായി കുറയുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12000-15000 കോടി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഉപയോഗിച്ചത്. 20000-25000 കോടി പ്രചാരണത്തിനും ഉപയോഗിച്ചു. സാധനസാമഗ്രികള്‍ക്കായി 5000-6000 കോടി ചെലവാക്കി. മറ്റ് ആവശ്യങ്ങള്‍ക്കായി 3000-6000 കോടി ചെലവാക്കി. ഒരു മണ്ഡലത്തില്‍ 70 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തിനായി ചെലവഴിക്കാന്‍ അനുവദിച്ച തുക.  

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ സുതാര്യമായതും നീതിപൂര്‍വമായതുമാകാന്‍ സാധ്യതയില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പണത്തിന്‍റെയും കുറ്റവാളികളുടെയും അതിപ്രസരമാണെന്നും ഖുറേഷി വിമര്‍ശിച്ചു.

click me!