
വിശാഖപട്ടണം: രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലേക്ക് എത്താൻ മുട്ടുവേദന തടസം. ഭാര്യയ്ക്കായി വീടിനുള്ളിൽ സ്വന്തമായി എസ്കലേറ്റർ നിർമ്മിച്ച് മെക്കാനിക്ക്. ആന്ധ്ര പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 65കാരൻ ഭാര്യയ്ക്കായി സ്വയം എക്സലേറ്റർ നിർമ്മിച്ചത്. ആർത്ഥമുരു ഗ്രാമത്തിലെ സട്ടി സിവ നാരായണ റെഡ്ഡിയാണ് ഭാര്യയും 58കാരിയുമായ സത്യവേണിക്കായി എസ്കലേറ്റർ നിർമ്മിച്ചത്. 21 പടികൾ കയറി മുകൾ നിലയിലേക്ക് എത്താൻ മുട്ട് വേദന മൂലം സത്യവേണിക്ക് സാധിച്ചിരുന്നില്ല. ഇരുപത് ദിവസം കൊണ്ട് എഴുപതിനായിരം രൂപ ചെലവിലാണ് ഇന്ത്യൻ ജുഗാഡ് എക്സലേറ്റർ നിർമ്മിച്ചിട്ടുള്ളത്.
മാർക്കറ്റിൽ നിന്ന് വൻ വിലയ്ക്കുള്ള ഉത്പന്നം വാങ്ങുന്നതിന് പകരം സ്വയം എസ്കലേറ്റർ നിർമ്മിക്കാൻ 65കാരൻ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ സ്കൂളിലെ പഠനം മാത്രമാണ് 65കാരൻറെ കൈമുതലായിട്ടുള്ളത്. വർഷങ്ങളായി ട്രാക്ടർ, അരി മില്ല് എന്നിവയുടെ തകരാറുകൾ പരിഹരിച്ചുള്ള മെക്കാനിക്കൽ പരിചയത്തിലാണ് എക്സലേറ്റർ സജ്ജമായിട്ടുള്ളത്. 1.5 എച്ച് പിയുള്ള മോട്ടറിലാണ് എസ്കലേറ്റർ പ്രവർത്തിക്കുന്നത്. 21 പടികളിലും സുഗമമായി ഇറങ്ങാനും കയറാനും ഈ എസ്കലേറ്റർ സഹായിക്കും. 300 കിലോ ഭാരം വരെ താങ്ങാനും ഇതിന് സാധിക്കും. അപകടമുണ്ടായാൽ ഓട്ടോമാറ്റിക്കായി എസ്കലേറ്റർ നിലയ്ക്കും. വൈദ്യുതി ലഭ്യമല്ലാത്ത സമയത്ത് ഇൻവേർട്ടർ സഹായത്തോടെയും ഈ എസ്കലേറ്റർ പ്രവർത്തിക്കും.
A mechanic from Andhra Pradesh built a homemade escalator for his wife's convenience.
The 21 stairs leading to the first floor were a challenge for his wife.pic.twitter.com/HFLRlZQ2KE— Monojit Sinha (@MonojitSinha11) July 4, 2026
ചിരിച്ചുകൊണ്ട് സത്യവേണി എസ്കലേറ്റർ ഉപയോഗിക്കുന്ന വീഡിയോകൾ നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. നിത്യ ജീവിതത്തിലെ വലിയൊരു തടസം മാറിയെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. ആഗ്രയിലെ താജ്മഹൽ പോലെ തന്നെ ഈ എസ്കലേറ്ററും സ്നേഹത്തിന്റെ പ്രതീകമെന്നും ചിലർ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam