തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ നടൻ വിജയ്, ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്ന് മന്ത്രി ആധവ് അർജുന. അഴിമതി അവസാനിപ്പിക്കുന്നതിലും ഭരണത്തിൽ സുതാര്യത കൊണ്ടുവരുന്നതിലുമാണ് വിജയ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ച് ഭരണത്തിലെത്തിയ സിനിമാതാരം വിജയ്, മുഖ്യമന്ത്രിയായി 100 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അധികാരമേറ്റ ശേഷം അദ്ദേഹം ഭരണകാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അടുത്ത അനുയായിയും മന്ത്രിയുമായ ആധവ് അർജുന വെളിപ്പെടുത്തി. മുഖ്യമന്ത്രിയായ വിജയ് ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്ന് ആധവ് അർജുന പറഞ്ഞു.
വിജയ് അതിരാവിലെ 4 മണിക്ക് തന്നെ ഉറക്കമുണർന്ന്, വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് വകുപ്പിലെ ഭരണ പുരോഗതി വിലയിരുത്താറുണ്ട്. ജനങ്ങൾ നൽകിയ വൻ ജനവിധിയിൽ മതിമറന്ന് ആഘോഷിക്കുന്നതിന് പകരം, സംസ്ഥാനം നേരിടുന്ന വെല്ലുവിളികളും വകുപ്പുകളിലെ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധ. വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ യാതൊരുവിധ അഹങ്കാരവുമില്ലെന്നും ജനങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ആധവ് അർജുന അവകാശപ്പെട്ടു. ചെന്നൈയിൽ നടന്ന 'ഇന്ത്യാ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ' സംസാരിക്കവെയാണ് ആധവ് അർജുന വിജയ്‌യുടെ പ്രവർത്തന ശൈലിയെക്കുറിച്ച് സംസാരിച്ചത്.
തമിഴ്‌നാട്ടിലെ ഓരോ വകുപ്പിലും നിലനിൽക്കുന്ന പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് അഴിമതി അവസാനിപ്പിക്കാനുള്ള നടപടികളിലാണ് വിജയ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആധവ് അർജുന വിശദീകരിച്ചു. സർക്കാരിന്റെ തുടക്കത്തിൽ തന്നെ സുതാര്യത കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞതായി ആധവ് അർജുന അവകാശപ്പെട്ടു. വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന താഴെത്തട്ടിലെ അഴിമതി ഇപ്പോഴും ഒരു വെല്ലുവിളിയാണെന്ന് മന്ത്രി സമ്മതിച്ചു. എങ്കിലും ഭരണ സംവിധാനത്തിന്‍റെ മുകളിൽ നിന്ന് തന്നെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിജയ് എന്നും അഴിമതി പൂർണ്ണമായി ഇല്ലാതാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ആധവ് അർജുന പറഞ്ഞു.
