
പട്ന: പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയതിന് ഒരാഴ്ചയ്ക്ക് പിന്നാലെ ലാലു പ്രസാദ് യാദവിനോടും ഭാര്യ റാബ്റി ദേവിയോടും സമൂഹമാധ്യമങ്ങളിലൂടെ സംസാരിച്ച് തേജ് പ്രതാപ് യാദവ്. കുടുംബം പിന്തുടരുന്ന മൂല്യങ്ങളും ധാർമികതയും മറന്നുള്ള പ്രവർത്തനങ്ങൾക്കാണ് ലാലു പ്രസാദ് യാദ് മൂത്തമകൻ തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയത്. ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളിൽ മാതാപിതാക്കൾ നൽകുന്ന ഏത് ഉത്തരവും പാലിക്കുമെന്നാണ് തേജ് പ്രതാപ് യാദവ് വിശദമാക്കിയിരിക്കുന്നത്.
പ്രിയപ്പെട്ട അച്ഛനും അമ്മയും എന്നാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ആരംഭിക്കുന്നത്. തന്റെ ലോകം മുഴുവൻ നിങ്ങളെ ഉൾക്കൊണ്ട് മാത്രമുള്ളതാണ്. നിങ്ങൾക്ക് ദൈവത്തേക്കാളും മുകളിലായാണ് എന്റെ മുന്നിലെ സ്ഥാനം. നിങ്ങൾ നൽകുന്ന ഉത്തരവാണ് ഏറ്റവും പ്രധാനം. നിങ്ങൾ എനിക്കൊപ്പമുണ്ടെങ്കിൽ എല്ലാം എനിക്കുണ്ട്. എനിക്ക് നിങ്ങളുടെ വിശ്വാസും സ്നേഹവും മാത്രം മതി. രാഷ്ട്രീയത്തിൽ വഞ്ചന പതിവാക്കിയ തനിക്ക് ചുറ്റുമുള്ള അളുകൾക്ക് വേണ്ടിയല്ല പാർട്ടിക്ക് വേണ്ടിയല്ല അച്ഛാ നിങ്ങൾക്ക് വേണ്ടിയാണ് തന്റെ നിലനിൽപ്. നിങ്ങൾ രണ്ട് പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും എപ്പോഴുമുണ്ടാവണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും തേജ് പ്രതാപ് യാദവ് സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളിൽ വിശദമാക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ലാലു പ്രസാദ് യാദ് മൂത്ത മകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സദാചാര മൂല്യങ്ങൾ കണക്കിലെടുക്കാതെയുള്ള നിരുത്തരവാദ പരമായ പെരുമാറ്റത്തിനാണ് മകനെതിരായ നടപടിയെന്നാണ് ലാലു പ്രസാദ് യാദവ് വിശദമാക്കിയത്. ഈ തീരുമാനം വന്നതിന് പിന്നാലെ തന്നെ തീരുമാനം എടുക്കാൻ കാരണക്കാരനായ തേജ് പ്രതാപ് യാദവിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് നീക്കിയിരുന്നു. ഒരു യുവതിയുമായുള്ള തേജ് പ്രതാപിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിൽ അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും 37 വയസുകാരനായ തേജ് പ്രതാപ് വിശദമാക്കിയത്. 12 വർഷമായി യുവതിയുമായി പ്രണയത്തിലാണെന്നായിരുന്നു തേജ് പ്രതാപ് യാദവ് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ വീഡിയോ തന്റെ സമൂഹമാധ്യമ അക്കൌണ്ട് മറ്റാരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു തേജ് പ്രതാപ് അവകാശപ്പെട്ടത്. തന്നെയും കുടുംബത്തേയും അപമാനിക്കാനുള്ള ഗൂഡശ്രമമായിരുന്നു ഇതെന്നുമാണ് തേജ് വിശദമാക്കിയത്. പിന്നാലെ ഇത് സംബന്ധിയായ വ്യാജ പ്രചാരണം തുടരരുതെന്നും തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതുജന മധ്യേയുള്ള പെരുമാറ്റം എന്നിവ കുടുംബം വച്ചുപുലർത്തുന്ന മൂല്യങ്ങൾക്കും സംസ്കാരത്തിനും അനുയോജ്യമല്ല. അതിനാൽ, ഞാൻ തേജ് പ്രതാപിനെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നുവെന്നും ഇനി മുതൽ, തേജ് പ്രതാപിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവ് കഴിഞ്ഞ ഞായറാഴ്ച വിശദമാക്കിയത്. തേജ് പ്രതാപിനെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു. തേജ് പ്രതാപുമായി ബന്ധം പുലർത്തുന്നവർ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങൾ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങൾ പൊതുജീവിതത്തിൽ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ടെന്നുമാണ് ലാലുപ്രസാദ് യാദവ് എക്സിൽ കുറിച്ചത്.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് ലാലു പ്രസാദ് യാദവ് മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയത്. ആർജെഡിയിൽ ലാലുവിനു ശേഷം ആര് എന്ന പിന്തുടർച്ച തർക്കവും രൂക്ഷമായ സമയത്തായിരുന്നു ലാലുവിന്റെ നിർണായക നീക്കം. തേജ് പ്രതാപിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ 2018ൽ ഏറെ ആഡംബരത്തോടെ നടന്ന തേജ് പ്രതാപിന്റെ വിവാഹവും വലിയ ചർച്ചയായിരുന്നു. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി ഐശ്വര്യയുടെ പിതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റോയ് ആർജെഡി വിടുകയും ചെയ്തു. തേജ് പ്രതാപ്, ഐശ്വര്യ ദമ്പതികളുടെ വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം