കൂറ്റൻ ട്രക്ക് മുകളിലേക്ക് മറിഞ്ഞ് കാർ തകർന്നടിഞ്ഞു; രണ്ട് കുട്ടികളടക്കം ഏഴ് മരണം

By Web TeamFirst Published Jun 8, 2023, 4:48 PM IST
Highlights

 ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം ഏഴ് മരണം

സിദ്ധി: കാറിന് മുകളിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം.സിദ്ധി ജില്ലയിലെ ബാരം ബാബ ഗ്രാമപഞ്ചായത്തിന് സമീപം രാവിലെ 10.30- ഓടെയാണ് സംഭവം നടന്നത്. വലിയ ട്രക്ക് മുകളിലേക്ക് മറിഞ്ഞ് കാറ് പൂർണ്ണമായും നിലത്ത് അമർന്ന നിലയിലായിരുന്നു. വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഏഴുപേരും അപകടം നടന്ന ഉടൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരെ ഉടൻ തന്നെ അടുത്തുള്ള  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10:15 നും 10:30 നും ഇടയിലാണ് അപകടമുണ്ടായതെന്നും രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചെന്നും സംഭവം സ്ഥിരീകരിച്ച് സിദ്ധി കളക്ടർ സാകേത് മാളവ്യ അറിയിച്ചിട്ടുണ്ട്.

Read more: 30 വ‍ര്‍ഷം മുമ്പ് പണം തികയാതെ കടം പറഞ്ഞ ഓട്ടോക്കൂലി നൂറിരട്ടിയായി തിരിച്ചുനൽകി

അതേസമയം, ഒഡീഷയിൽ ട്രെയിനിന് അടിയിൽപ്പെട്ട് നാല് പേർ മരിച്ചു. ജജ്പൂർ റോഡ് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഗുഡ്സ് ട്രെയിനിന് അടിയിൽ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെയാകെ നടുക്കിയ ബാലസോര്‍ ട്രെയിൻ ദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്. ബാലസോര്‍ ട്രെയിൻ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇതിനിടെ ജാർഖണ്ഡിലെ ബൊക്കാറോയിൽ ചൊവ്വാഴ്ച ദില്ലി - ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വാര്‍ത്തയും പുറത്ത് വന്നിരുന്നു. സന്താൽഡിഹ് റെയിൽവേ ക്രോസിനു സമീപം റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് കുടുങ്ങിയതിനെ തുടർന്നാണ് അപകട സാധ്യതയുണ്ടായത്. എന്നാൽ, ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

click me!