ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതിലേറെയും എഞ്ചിനീയര്‍മാരും ബിരുദധാരികളും

By Web TeamFirst Published Nov 29, 2019, 9:04 AM IST
Highlights

ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ അഭിമുഖത്തിന് എത്തിയവരില്‍ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്എസ്എല്‍സി പൂര്‍ത്തീകരിച്ചവരാണ്. 

കോയമ്പത്തൂര്‍: കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതിലേറെയും എഞ്ചിനീയര്‍മാരും ബിരുദധാരികളും. കൂടാതെ ഡിപ്ലോമ ഉള്ളവരടക്കം നിരവധി പേര്‍ ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവുകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കോപ്പറേഷനിലാണ് സംഭവം.

ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ അഭിമുഖത്തിന് എത്തിയവരില്‍ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്എസ്എല്‍സി പൂര്‍ത്തീകരിച്ചവരാണ്. അതിലേറെയും എഞ്ചിനീയര്‍മാരും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതര്‍ പറയുന്നു. 

അപേക്ഷിച്ചവരില്‍ ചിലര്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. എങ്കിലും 15,700 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലിയാണ് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. 10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സ്ഥിര ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. ബിരുദമുള്ള നിരവധി പേര്‍ അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളില്‍ 6000-7000 മാസ ശമ്പളത്തിന് ജോലി ചെയ്യുന്നുണ്ട്. 

12 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വര്‍ധനവോ ജോലി സുരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ല. കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി ചെയ്യേണ്ടത്. ഇതിനിടയില്‍ മറ്റ് ചെറു ജോലികളില്‍ ഏര്‍പ്പെടാം എന്നുള്ളതും ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

click me!