ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ പശുവിന്‍റെ വയറില്‍ നിന്ന് കണ്ടെത്തിയത് 71 കിലോ പ്ലാസ്റ്റിക്കും ഇരുമ്പും

By Web TeamFirst Published Feb 25, 2021, 6:02 PM IST
Highlights

ഫരീദാബാദിനും പരിസരത്തുമായി അലഞ്ഞു നടന്നിരുന്ന പശു കഴിഞ്ഞ ഏതാനും മാസങ്ങളായി നിരത്തില്‍ നിന്ന് കഴിച്ച വസ്തുക്കള്‍ക്കൊപ്പമാണ് ഇവയെല്ലാം വയറിലെത്തിയതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പശുവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 

ഗുരുഗ്രാം: അപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ പശുവിന്‍റെ വയറില്‍ നിന്ന് കണ്ടെത്തിയത് 71 കിലോ പ്ലാസ്റ്റിക്കും ഇരുമ്പും. തിങ്കളാഴ്ചയാണ് ഫരീദാബാദിലെ വെറ്റിനറി വിദഗ്ധര്‍ പരിക്ക് പറ്റിയ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. നാണയങ്ങള്‍ , സൂചികള്‍, ചില്ലുകഷ്ണങ്ങള്‍, സ്ക്രൂ, പിന്നുകള്‍ എന്നിവയാണ് പ്ലാസ്റ്റിക് പുറമേ പശുവിന്‍റെ വയറിന്‍ നിന്ന് കണ്ടെത്തിയത്. ഫരീദാബാദിലൂടെ അലഞ്ഞ് നടന്നിരുന്ന പശുവിനെ ഒരു അപകടത്തില്‍ പരിക്കേറ്റതോടെയാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്.

ഫരീദാബാദിനും പരിസരത്തുമായി അലഞ്ഞു നടന്നിരുന്ന പശു കഴിഞ്ഞ ഏതാനും മാസങ്ങളായി നിരത്തില്‍ നിന്ന് കഴിച്ച വസ്തുക്കള്‍ക്കൊപ്പമാണ് ഇവയെല്ലാം വയറിലെത്തിയതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പശുവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അടുത്ത പത്ത് ദിവസങ്ങള്‍ പശുവിന്‍റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നിര്‍ണായകമെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. ഏഴുവയസ് പ്രായമുള്ള പശുവിനെയാണ് ചികിത്സയ്ക്ക വിധേയമാക്കിയത്.

കാറിടിച്ച് പരിക്കേറ്റാണ് പശുവിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ പശു തന്‍റെ തന്നെ വയറിന് തൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോയൊണ് വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കിയത്. എക്സ്റേയിലും അള്‍ട്രാ സൌണ്ട് സ്കാനിംഗിലും പശുവിന്‍റെ വയറില്‍ അന്യപദാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു. നാലുമണിക്കൂറോളം എടുത്താണ് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.  ഏറിയ പങ്കും പോളിത്തീന്‍ കവറുകളാണ് പശുവിന്‍റെ ആമാശയത്തില്‍ നിന്ന് കണ്ടെത്തിയത്.

ഇതിന് മുന്‍പും ഇത്തരം ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് 71 കിലോയോളം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊതുവിടങ്ങളില്‍ മാലിന്യം അലക്ഷ്യമായി തള്ളുന്നതാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്ലാസ്റ്റിക് ബാഗുകളുടെ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് ആദ്യമായി നിരോധിച്ച സംസ്ഥാനം ഹരിയാനയാണ്. രാജ്യത്തെ നഗരങ്ങളുടെ വൃത്തിക്കുറവിന്‍റെയും മാലിന്യം വലിച്ചെറിയുന്നതിന്‍റെയും നേര്‍ചിത്രമായി മാറുകയാണ് ഫരീദാബാദില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ പശു. 

click me!