
ദില്ലി: കൊവിഡ് 19 ഭീതി വിതച്ച് വ്യാപിക്കുമ്പോഴും ഇടയ്ക്ക് ചില ശുഭവാർത്തകളും എത്തിച്ചേരാറുണ്ട്. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലിയിലെ ലോക് നായക് ജയപ്രകാശ് നാരായൺ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന എഴുപത്തി മൂന്ന് വയസ്സുള്ള വൃദ്ധൻ രോഗം സുഖപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന വാർത്ത. ഏപ്രിൽ 1 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.'ജീവിതത്തിന്റെ വാടകച്ചീട്ട് പുതുക്കി ലഭിച്ചതാണിത്. രാജ്യത്തുടനീളമുളള ഡോക്ടർമാർ ശ്രദ്ധിക്കുക. നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെ ഊട്ടിയുറപ്പിക്കുക. നിങ്ങളുടെ മനോവീര്യം ഉയർന്ന് തന്നെ നിൽക്കട്ടെ.'സൗഖ്യത്തിലേക്കുള്ള വഴികളെക്കുറിച്ച് സംസാരിക്കവേ എൻഡിടിവിയോട് അദ്ദേഹം പറഞ്ഞു.
സൗത്ത് ദില്ലി സ്വദേശിയായ ഇദ്ദേഹത്തെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 1നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. തുടർന്ന് രണ്ട് ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ചു. ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിക്കുകയും സുഖപ്പെട്ടതിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. മൊത്തം 523 കൊവിഡ് 19 കേസുകളാണ് ദില്ലിയിലുള്ളത്. ഏഴ് പേർ കൊറോണ വൈറസ് ബാധ മൂലം മരിച്ചു. അതേസമയം 19 പേർ സുഖപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡ്19 ബാധ നിയന്ത്രണ വിധേയമാക്കാൻ അഞ്ച് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam