
ദില്ലി: ഏപ്രിൽ പതിനാല് വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന സൂചന നൽകി കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ ചർച്ചകളും ആലോചനകളും തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങൾ നൽകിയ നിർദേശം. ഇതുവരെ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. മറ്റു പത്ത് സംസ്ഥാനങ്ങൾ കൂടി ഇതേ നിലപാട് എടുത്തേക്കും എന്നാണ് സൂചന.
കേരളമടക്കം പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല എല്ലാവരുടേയും അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപനം നടത്തും എന്നാണ് സൂചന. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരെല്ലാം ലോക്ക് ഇനിയും നീട്ടണം എന്ന അഭിപ്രായം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ നിലയിൽ ആലോചനകൾ നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരിലെ ഉന്നത വൃത്തങ്ങൾ ഇപ്പോൾ സൂചിപ്പിക്കുന്നത്. ലോക്ക് ഡൌണ് അവസാനിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ നിശ്ചയിക്കാൻ പതിനൊന്ന് സമിതികൾക്കാണ് പ്രധാനമന്ത്രി രൂപം നൽകിയത്. ഈ സമിതികളുടെ റിപ്പോർട്ടും ഇനിയും ലഭിച്ചിട്ടില്ല. എല്ലാവരുടേയും അഭിപ്രായം സ്വീകരിച്ച ശേഷം അധികം വൈകാതെ തന്നെ കേന്ദ്രം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam