
ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. മധ്യപ്രദേശില്‍ ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 76 മുസ്ലീം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. തങ്ങളുടെ സമുദായ അംഗങ്ങളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് വ്യക്തമായി അറിയാമെന്ന് രാജിക്ക് ശേഷം രജിക് ഖുരേഷി പ്രതികരിച്ചു.
ബിജെപി വീണ്ടും തര്‍ക്കവിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സമുദായത്തിലുള്ളവരെ അനുനയിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് കൂട്ടരാജി പ്രഖ്യാപിച്ചത്.
നേരത്തെ, മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിലെ സംഘടനാ ചുമതലയുള്ള മറ്റ് കുറച്ച് പേരും രാജിവെച്ചിരുന്നു. പുതിയ പൗരത്വ നിയമത്തില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് രജിക് പറഞ്ഞു. അയോധ്യ കേസിലും മുത്തലാഖ് വിഷയത്തിലും തങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല.
പക്ഷേ, ഏകീകൃത സിവില്‍ കോഡ് അടക്കം ഇത്തരം കൂടുതല്‍ വിഷയങ്ങള്‍ വീണ്ടും വരുമ്പോള്‍ ഒപ്പം നില്‍ക്കാനാകില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ പോലും അവസരം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, രാജിവെച്ച അംഗങ്ങള്‍ കാര്യമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടില്ലെന്നാണ് ബിജെപി ന്യൂനപക്ഷ സെല്‍ അംഗം പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam