ബംഗ്ലാദേശികളെ തിരിച്ചറിയാന്‍ അവരുടെ ആഹാരശീലം നോക്കിയാല്‍ മതിയെന്ന് ബിജെപി നേതാവ്

By Web TeamFirst Published Jan 24, 2020, 9:14 AM IST
Highlights

താന്‍ പൊലീസില്‍ പരാതി നല്‍കാനൊന്നും പോയില്ലെന്നും ആളുകളെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിജയവര്‍ഗീയ

ഇന്‍ഡോര്‍: തന്‍റെ വീട്ടില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജോലിക്കാരായി ബംഗ്ലാദേശികളുമുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് കൈലേഷ് വിജയവര്‍ഗീയ. അവരുടെ വിചിത്രമായ ആഹാര രീതിയാണ് അവരുടെ ദേശീയത സംശയിക്കാന്‍ കാരണമെന്നും പൗരത്വനിയമഭേദഗതിയെ പിന്തുണച്ചുകൊണ്ട് നടന്ന ഒരു സെമിനാറില്‍ ബിജെപി ജനറല്‍ സെക്രട്ടറികൂടിയായ വിജയവര്‍ഗീയ പറഞ്ഞു. 

തന്‍റെ വീട്ടില്‍ ഒരു പുതിയ മുറികൂടി പണിയാന്‍ വേണ്ടിയാണ് ജോലിക്കാരെത്തിയത്. ഇവരില്‍ കുറച്ചുപേര്‍ മാത്രം പൊഹ (അവിലിനുസമാനമായ ആഹാരം)യാണ് കഴിച്ചിരുന്നത്.സൂപ്പര്‍ വൈസറോടും ബില്‍ഡിംഗ് കോണ്‍ട്രാക്ടറോടും സംസാരിച്ചതോടെ ഇവര്‍ ബംഗ്ലാദേശില്‍നിന്നുള്ളവരാണെന്ന് സംശയമുണ്ടായി. 

താന്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇവര്‍ വീട്ടില്‍ ജോലി ചെയ്യുന്നത് നിര്‍ത്തിയെന്നും വിജയവര്‍ഗീയ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. താന്‍ പൊലീസില്‍ പരാതി നല്‍കാനൊന്നും പോയില്ലെന്നും ആളുകളെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിജയവര്‍ഗീയ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശി തീവ്രവാദികള്‍ ന്നര വര്‍ഷമായി തന്നെ പിന്തുടരുന്നുണ്ട്. ആറ് സുരക്ഷാ ജീവനക്കാരോടൊപ്പമാണ് പുറത്തിറങ്ങുന്നത്. എന്താണ് ഈ രാജ്യത്തിന് സംഭവിക്കുന്നത് ? പുറത്തുനിന്നുള്ളവര്‍ എത്തി രാജ്യത്ത് ഭീകരവാദം പരത്തുകയാണോ ? വിജയവര്‍ഗീയ ചോദിച്ചു. 

കള്ളപ്രചാരണങ്ങളില്‍ പെട്ടുപോകരുത്. പൗരത്വനിയമഭേദഗതി  രാജ്യത്തിന്‍റെ നന്മയ്ക്കാണ്. യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നുഴഞ്ഞുകയറ്റക്കാരെ എതിര്‍ക്കുകയും ചെയ്യുന്നതാണ് സിഎഎ''


 

click me!