
പനാജി: ഗോവയിൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക്. 8 എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. ബിജെപി പ്രഖ്യാപിച്ച 8 എംഎൽഎമാരിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും ഉണ്ട്. എട്ട് പേർ ബിജെപിയിലേക്ക് പോയാൽ ഗോവയിൽ ശേഷിക്കുക മൂന്ന് കോൺഗ്രസ് എംഎൽഎമാർ മാത്രമാകും. അങ്ങിനെ വന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും മറുകണ്ടം ചാടുന്ന എംഎൽഎമാർക്കാകും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് ഗോവയിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുന്നത്. പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോയുടെ നേതൃത്വത്തിൽ എട്ട് പേർ ബിജെപിയിൽ എത്തുമെന്നായതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച ദിംഗംബർ കാമത്ത് അടക്കമുള്ളവരുമാണ് കൂറ് മാറിയത്. രാവിലെ നിയമസഭാ മന്ദിരത്തിൽ മൈക്കൾ ലോബോ വിളിച്ചു ചേർത്ത നിയമസഭാകക്ഷി യോഗത്തിൽ ബിജെപിയിൽ ലയിക്കാനുള്ള പ്രമേയം പാസാക്കി. പിന്നാലെ നിയമസഭയിലേക്കെത്തിയ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് കൂറുമാറിയെത്തുന്നവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതോടെ 40 അംഗ നിയസഭയിൽ കോൺഗ്രസ് മൂന്ന് പേരിലേക്ക് ചുരുങ്ങി.
ഭാര്യക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ വടക്കൻ ഗോവയിലെ കരുത്തനായ നേതാവാണ് മൈക്കൾ ലോബോ. ഭാര്യക്ക് സീറ്റ് നൽകിയ കോൺഗ്രസ് ഫലം വന്ന ശേഷം അദ്ദേഹത്തെ പ്രതിപക്ഷ നേതാവുമാക്കി. ആ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു രണ്ട് മാസം മുൻപ് അദ്ദേഹം തുടങ്ങി വച്ച വിമത നീക്കം. അന്ന് എട്ട് എംഎൽഎമാരെ ഒപ്പം നിർത്താൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെയും മുതിർന്ന നേതാവായ ദിംഗംബർ കാമത്തിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയെങ്കിലും തീരുമാനം എടുക്കാതെ വൈകിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam