47 പേരുമായി പോയ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞു; 10 മരണം

By Web TeamFirst Published Sep 26, 2022, 5:50 PM IST
Highlights

ഇറ്റൗഞ്ചയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലുള്ള മറ്റുള്ളവർ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.  

ലഖ്‌നൗ:  ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ലഖ്നൌവിലാണ് സംഭവം. ഉണ്ണായി ഗ്രാമത്തിലെ  ദുർഗാദേവി ക്ഷേത്രത്തിലേക്ക് ഒരു ചടങ്ങിനായി പോകുകയായിരുന്ന ട്രാക്ടറാണ് മറിഞ്ഞത്. ഇതില്‍  നാൽപ്പത്തിയേഴ് പേർ സഞ്ചരിച്ചിരുന്നതായി ലഖ്‌നൗ ജില്ലാ കളക്ടര്‍ സൂര്യ പാൽ ഗാംഗ്‌വാർ അറിയിച്ചു.

അപകടത്തിൽ എട്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്നും, അടിയന്തര ചികില്‍സ സഹായമായി 2000 രൂപ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.  ഗുരുതരമായി പരിക്കേറ്റ ഒരാളെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറ്റൗഞ്ചയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലുള്ള മറ്റുള്ളവർ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.  ആരും ട്രാക്ടര്‍ മുങ്ങിയ കുളത്തില്‍ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷ  തിരച്ചിൽ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വിളിച്ച സംസ്ഥാന ദുരന്ത നിവാരണ സേന സംഘം ഇപ്പോഴും സ്ഥലത്തുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അപകടത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും ദൃക്‌സാക്ഷികളിൽ നിന്ന് പ്രതികരണം ശേഖരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടസാധ്യത ഉള്ളതിനാല്‍ ഈ റോഡിലൂടെ കൂടുതല്‍ ആളുകളെ കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസും ഭരണകൂടവും ജാഗ്രത പുലർത്തുന്നുണ്ടെന്നും ഡിഎം അറിയിച്ചു.

ജില്ല കളക്ടര്‍, ഉന്നത ജില്ലാ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തോണി മറിഞ്ഞു, സംഭവം പുറംലോകമറിഞ്ഞില്ല; കണ്ണൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; നടപടി സസ്പെൻഷനിൽ ഒതുങ്ങി, ബന്ധുക്കൾ രം​ഗത്ത്
 

click me!