
മുംബൈ: സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരായി കണ്ടെത്തിയവരിൽ എൺപത് ശതമാനം പേരും രോഗലക്ഷണങ്ങൾ പ്രകടിപിച്ചിരുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 7628 പേരാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ രോഗബാധിതരായിട്ടുള്ളത്. രാജ്യത്താകെ കൊറോണ ബാധിച്ചിരിക്കുന്നത് 26000 പേർക്കാണ്. രാജ്യത്താകെയുളള രോഗികളിൽ ഏകദേശം കാൽശതമാനം പേരും മഹാരാഷ്ട്രയിലാണ്.
ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അവശ്യസേവനങ്ങൾ പുനരാരംഭിക്കുമെന്ന് താക്കറേ വ്യക്തമാക്കി. ഉദാഹരണത്തിന് ഡയാലിസിസ് കേന്ദ്രങ്ങളും ഡോക്ടർമാരും തങ്ങളുടെ സേവനങ്ങൾ വീണ്ടും ആരംഭിക്കണം. ജനങ്ങളോട് ക്ഷമയോടെ തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു പോംവഴി മുന്നിലില്ല. ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണം. കൂട്ടം കൂടരുത്. വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടുക. രോഗലക്ഷണങ്ങളെ അവഗണിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യരുത്. ഉദ്ധവ് താക്കറേ പറഞ്ഞു.
ലോക്ഡൗണിനെത്തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന അതിഥിതൊഴിലാളികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇവരെ മാതൃസംസ്ഥാനങ്ങളിലെത്തിക്കുന്ന കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുന്ന മഹാരാഷ്ട്രയിൽനിന്നുള്ള വിദ്യാർഥികളെ തിരികെക്കൊണ്ടുവരാനും ശ്രമങ്ങൾ നടക്കുന്നതായി ഉദ്ധവ് താക്കറേ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam