Latest Videos

ലോക്ഡൗൺ കാലത്ത് സ്ത്രീകൾക്കുനേരെയുള്ള അതിക്രമം കുറയുന്നു; ദില്ലി പൊലീസ് റിപ്പോര്‍‍ട്ട്

By Web TeamFirst Published Apr 16, 2020, 6:54 AM IST
Highlights
019 മാർച്ച് 22 മുതൽ ഏപ്രിൽ 12 വരെയുള്ള കാലയളവിൽ 139 ബലാത്സംഗ കേസുകളാണ് ദില്ലിയിൽ റിപ്പോര്‍ട്ട് ചെയ്തത്. ഈ വ‍ർഷം അത് ഇരുപത്തിമൂന്നായി ചുരുങ്ങി.
ദില്ലി: ലോക്ഡൗൺ കാലത്ത് ദില്ലിയിൽ സ്ത്രീകൾക്കുനേരെ അതിക്രമം കുറയുന്നതായി റിപ്പോര്‍ട്ട്. ബലാത്സംഗ കേസുകളിൽ 83.4 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായി ദേശീയ വനിത കമ്മീഷൻ വെളിപ്പെടുത്തിയിരുന്നു. 

ദേശീയ വനിത കമ്മീഷന്‍റെ വെളിപ്പെടുത്തലില്‍ നിന്നും  വ്യത്യസ്തമാണ് രാജ്യ തലസ്ഥാനമെന്നാണ് ദില്ലി പൊലീസ് പുറത്തുവിടുന്ന കണക്കുകൾ പറയുന്നത്. 2019 മാർച്ച് 22 മുതൽ ഏപ്രിൽ 12 വരെയുള്ള കാലയളവിൽ 139 ബലാത്സംഗ കേസുകളാണ് ദില്ലിയിൽ റിപ്പോര്‍ട്ട് ചെയ്തത്. ഈ വ‍ർഷം അത് ഇരുപത്തിമൂന്നായി ചുരുങ്ങി. സ്ത്രീത്ത്വത്തെ അപമാനിച്ചതിനും കയ്യേറ്റം ചെയ്ത കേസുകളിലും സമാന രീതിയിൽ കുറവുണ്ട്.

കഴിഞ്ഞ വർഷം ഈ കാലയളവിൽ 233 കേസുകളായിരുന്നെങ്കിൽ ഇത്തവണ മുപ്പത്തിമൂന്ന് കേസ് മാത്രമായി. ഗാർഹിക പീഡന പരാതികൾ മുപ്പത്തിയേഴ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മാത്രമല്ല, മറ്റു കുറ്റകൃത്യങ്ങളും കുറയുന്നു എന്നാണ് കണക്ക്. മോഷണക്കേസുകൾ 62 ശതമാനം കുറഞ്ഞു. കവർച്ച കേസുകൾ 49 ശതമാനവും. 

ലോക്ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങാത്തതാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ്
സ്റ്റേഷനിലെത്തി പരാതി നൽകാൻ പറ്റത്തതാണ് കേസുകളുടെ എണ്ണം കുറയാൻ കാരണമെന്ന വിമര്‍ശനവും ഉണ്ട്.
 
click me!