
ദില്ലി: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 50 ലക്ഷത്തിലേറെ കേന്ദ്ര സർക്കാർ ജീവനക്കാരും 69 ലക്ഷത്തോളം പെൻഷൻകാരും. നവംബർ ആദ്യമാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയും അതിന്റെ ടേംസ് ഓഫ് റഫറൻസിന് അംഗീകാരം നൽകുകയും ചെയ്തത്. പാർലമെന്റിൽ ഇന്നലെ നാല് എംപിമാർ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയോട് എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കുമെന്ന് ചോദ്യം ഉന്നയിച്ചു. 2026-2027 ബജറ്റിൽ എട്ടാം ശമ്പള കമ്മീഷന് വേണ്ടി സർക്കാർ ഫണ്ട് നീക്കിവയ്ക്കുമോ എന്നും എംപിമാർ ആരാഞ്ഞു. അതിന് മന്ത്രി നൽകിയ മറുപടി എന്താണെന്ന് നോക്കാം.
എൻ കെ പ്രേമചന്ദ്രൻ, തിരു തങ്ക തമിഴ്സെൽവൻ, പി ഗണപതി രാജ്കുമാർ, ധർമ്മേന്ദ്ര യാദവ് എന്നിവരാണ് എട്ടാം ശമ്പള കമ്മീഷന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ശമ്പള കമ്മീഷൻ രൂപീകരിച്ചുവെന്നും നവംബർ മൂന്നിന് ടേംസ് ഓഫ് റഫറൻസ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചെന്നും മന്ത്രി മറുപടി നൽകി. എപ്പോഴായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക എന്ന ചോദ്യത്തിന് 18 മാസത്തിനുള്ളിൽ എന്നാണ് മന്ത്രിയുടെ മറുപടി. എന്നാൽ എപ്പോൾ നടപ്പിലാക്കും എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ തിയ്യതി പറഞ്ഞിട്ടില്ല. അത് സർക്കാർ പിന്നീട് തീരുമാനിക്കും എന്നാണ് മന്ത്രി പറഞ്ഞത്.
2026-27 ബജറ്റിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനായി സർക്കാർ ഫണ്ട് അനുവദിക്കുമോ എന്ന ചോദ്യത്തിന് എട്ടാം ശമ്പള കമ്മീഷന്റെ അംഗീകൃത ശുപാർശകൾ നടപ്പിലാക്കുന്നതിന് സർക്കാർ ഉചിതമായ ഫണ്ട് നീക്കിവയ്ക്കുമെന്ന് മന്ത്രി ചൗധരി പറഞ്ഞു. ആകെ 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും ഗുണഫലം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കകൾ പരിഹരിക്കുമോ എന്ന ചോദ്യത്തിന് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ നടപടിക്രമം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.