
ന്യൂഡൽഹി: എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്. 2026 ജനുവരി ഒന്ന് മുതൽ പുതിയ കമ്മീഷൻ ശുപാർശകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 25ന് നടക്കാനിരിക്കുന്ന എൻസ്-ജെസിഎം ഡ്രാഫ്റ്റ് കമ്മിറ്റി യോഗം നിർണ്ണായകമാണ്. ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റ്‌മെന്‍റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. എന്നാൽ എട്ടാം കമ്മീഷനിൽ ഇത് വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.
ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 മുതൽ 3.25 വരെ ആക്കി ഉയർത്തണമെന്നാണ് നിലവിലെ ആവശ്യം. ഫിറ്റ്‌മെന്റ് ഫാക്ടർ 3.25 ആയി അംഗീകരിക്കപ്പെട്ടാൽ, നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ 58,500 രൂപയായി ഉയർന്നേക്കാം. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ഫീഡ്‌ബാക്ക് സ്വീകരിക്കുന്നതിനായി സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. കമ്മീഷന്‍റെ ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കാൻ ഏകദേശം 18 മുതൽ 20 മാസം വരെ സമയമെടുത്തേക്കാം. എങ്കിലും, 2026 ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സാധ്യത.
എട്ടാം ശമ്പള കമ്മീഷന്‍റെ രൂപീകരണം സംബന്ധിച്ച പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്‍റെ പ്രവർത്തന മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നിലവിലെ ശമ്പള ഘടന, രാജ്യത്തെ സാമ്പത്തിക സ്ഥിതി, ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് ഏകദേശം 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് കമ്മീഷന്‍റെ റിപ്പോർട്ട് 2027 അവസാനമോ അല്ലെങ്കിൽ 2028 ആദ്യമോ മാത്രമേ സർക്കാരിന് മുന്നിൽ എത്തുകയുള്ളൂ. ശുപാർശകൾ സമർപ്പിക്കപ്പെട്ട ശേഷം സർക്കാർ അവ പരിശോധിച്ച് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഉടനടി ഒരു ശമ്പള വർദ്ധനവ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാനാവില്ല.
ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ വൈകിയാലും ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ച സാഹചര്യത്തിൽ, എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് സാധ്യത. പുതിയ ശമ്പള ഘടന ഔദ്യോഗികമായി നിലവിൽ വരുന്നത് വരെ 2026 ജനുവരി മുതലുള്ള അധിക തുക കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. ഇത് പലപ്പോഴും 12 മുതൽ 24 മാസം വരെയുള്ള കുടിശ്ശിക ഒന്നിച്ച് ലഭിക്കുന്നതിന് കാരണമാകും. ഇത്തരത്തിൽ ലഭിക്കുന്ന വലിയൊരു തുക ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ സാമ്പത്തിക നേട്ടമായി മാറാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam