ഹൈദരാബാദിൽ റാപ്പിഡോ ഡ്രൈവറോട് യാത്രക്കൂലി നൽകാതെ യുവതി തർക്കിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. പണം ചോദിച്ച ഡ്രൈവർക്കെതിരെ വ്യാജ പീഡനക്കേസ് നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

ഹൈദരാബാദ്: ഹൈദരാബാദിൽ യാത്രക്കൂലി നൽകാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി. പണം ചോദിച്ചാൽ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യങ്ങളിൽ, ഡ്രൈവർ യുവതിയോട് യാത്രക്കൂലി നൽകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത് കാണാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ പണം നൽകാൻ കൂട്ടാക്കാതെ യുവതി ഫോണിൽ മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു. ഡ്രൈവർ തന്നെ ഉപദ്രവിക്കുകയാണെന്നും ഉടൻ ഇവിടേക്ക് വരണമെന്നും അവർ ഫോണിലൂടെ പറയുന്നുണ്ട്. പണം നൽകിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്ന് ഡ്രൈവർ പറയുമ്പോൾ, താൻ പരാതി നൽകിയാൽ താൻ തന്നെ ജയിലിൽ പോകേണ്ടി വരുമെന്ന് യുവതി തിരിച്ച് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

Scroll to load tweet…

സോഷ്യൽ മീഡിയയിൽ ചര്‍ച്ച

'ഹേറ്റ് ഡിറ്റക്ടർ' എന്ന എക്സ് ഹാൻഡിലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. നിരവധി പേരാണ് സംഭവത്തിൽ റാപ്പിഡോ ഡ്രൈവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലെ അപകടമാണ് പലരും കമൻ്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങൾ കാരണം പുരുഷന്മാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചർച്ചകൾ സജീവമാണ്. 

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുൻപും സമാനമായ കേസുകളുണ്ടായിട്ടുണ്ടെന്നും ചിലർ ഓർമ്മിപ്പിച്ചു. യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഓൺലൈൻ സേവനങ്ങൾ നൽകുന്ന സാധാരണക്കാരായ തൊഴിലാളികൾ ഇത്തരം ഭീഷണികൾക്ക് ഇരയാകുന്നത് പതിവാണെന്ന വിമർശനവും ഇതോടെ വീണ്ടും ഉയര്‍ന്നു.