മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം; ഐക്യദീപമേന്തി ഇന്ത്യൻ ജനത

By Web TeamFirst Published Apr 5, 2020, 9:08 PM IST
Highlights

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാർ ദീപം തെളിയിച്ച് ആരോ​ഗ്യപ്രവർത്തകർക്ക് ആദ​രവ് അറിയിക്കുകയും ചെയ്തിരുന്നു. 

ദില്ലി: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.  ‌‌

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവർ വിവിധ ദീപം തെളിയിക്കലിൽ പങ്കുചേർന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാർ ദീപം തെളിയിച്ച് ആരോ​ഗ്യപ്രവർത്തകർക്ക് ആദ​രവ് അറിയിക്കുകയും ചെയ്തിരുന്നു. 

രാത്രി 9 മണിക്ക് എല്ലാവരും ഒമ്പതു മിനിറ്റ് അവരുടെ വീടിൻറെ ലൈറ്റുകൾ അണച്ച് വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോർച്ച്, മൊബൈൽ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ലോക്ക് ഡൗൺ മൂലം ഒരാഴ്ച കാലത്തിലേറെയായി രാജ്യത്തെ ജനങ്ങൾ വീടുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അവർക്ക് മാനസികമായി ഊർജം നൽകാനും ആരോ​ഗ്യപ്രവർത്തകർക്ക് പിന്തുണ അറിയിക്കാനായുമായി ഒരു ഐക്യദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. 

ജനതാ കര്‍ഫ്യൂവിന് കിട്ടിയ  ജനപിന്തുണ ദീപം തെളിക്കലിലും പ്രകടമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രതീക്ഷ.  പാത്രം കൊട്ടി ജനം തെരുവിലിറങ്ങിയതിന്‍റെ അപകടം മുന്നില്‍ കണ്ടിട്ടെന്ന വിധം ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെന്ന്  പ്രധാനമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡിനെ ചെറുക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പ്രധാനമന്ത്രി നാടകം കളിക്കുകയാണന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള് ‍ വിമര്‍ശിച്ചു.

(ഈ വാർത്തയ്ക്കൊപ്പം നേരത്തെ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം മറ്റൊരു സാഹചര്യത്തിൽ മുമ്പ് പകർത്തിയതാണ്. ആധികാരികമെന്ന് കരുതി പ്രസിദ്ധീകരിച്ച തെറ്റായ ചിത്രം നീക്കം ചെയ്തിട്ടുണ്ട്.‌ ഈ വീഴ്ചയിൽ നിർവ്യാജം ഖേദിക്കുന്നു)

click me!