
കൊച്ചി: തൊഴിലുടമയുടെ പീഡനം സഹിക്ക വയ്യാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യെമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. വെള്ളിയാഴ്ചയാണ് തൊഴിലാളികള്‍ കൊച്ചി തീരത്ത് എത്തിയത്. സിനിമയെ വെല്ലുന്ന സംഭവമാണ് നടന്നത്. മുതലാളിയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടില്‍ മതിയായ ഭക്ഷണവും സൗകര്യങ്ങളുമില്ലാതെ 10 ദിവസം യാത്ര ചെയ്ത് 3000 കിലോമീറ്റര്‍ കടലിലൂടെ യാത്ര ചെയ്താണ് ഒമ്പതംഗ സംഘം കൊച്ചയിലെത്തിയത്.
ഏഴ് തമിഴ്നാട് സ്വദേശികളും രണ്ട് മലയാളികളുമാണ് സംഘത്തിലുണ്ടായിരുന്നത്. തിരുനെല്‍വേലി സ്വദേശികളായ ജെ വിന്‍സ്ടണ്‍(47), ആല്‍ബര്‍ട്ട് ന്യൂട്ടണ്‍(35), എ എസ്കലിന്‍(29), പി അമല്‍ വിവേക്(33), ജെ ഷാജന്‍(24), എസ് സഹയ ജഗന്‍(28), കൊല്ലം സ്വദേശികളായ നൗഷാദ്(41), നിസാര്‍(44) എന്നിവരാണ് അതിസാഹസികമായി നാട്ടിലേക്ക് എത്തിയത്. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കൊച്ചിയില്‍ നിന്ന് 117 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഘത്തെ കണ്ടത്. പിന്നീട് ഇവരെ കല്‍പേനിയിലേക്ക് കൊണ്ടുപോയി. 500 ലിറ്റര്‍ ഇന്ധനവും അരച്ചാക്ക് ഉള്ളിയും മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.
2018 ഡിസംബര്‍ 13നാണ് മത്സ്യത്തൊഴിലാളികളായ ഇവര്‍ തിരുവനന്തപുരത്ത് നിന്ന് യെമിലേക്ക് ജോലിക്കായി പുറപ്പെട്ടത്. എന്നാല്‍, യെമനില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കഴിഞ്ഞ 10 മാസമായി തൊഴിലുടമ ഇവരെ പരമാവധി ചൂഷണം ചെയ്തു. ശമ്പളവും നല്‍കിയില്ല. യെമനിലെ ജീവിതം നരകമായതോടെ അറ്റകൈ തീരുമാനം എടുക്കുകയായിരുന്നു. മത്സ്യബന്ധന ബോട്ടില്‍ നാട്ടിലേക്ക് രക്ഷപ്പെടുക. അറബിക്കടലിലൂടെ 3000 കിലോമീറ്റര്‍ താണ്ടി നാട്ടിലെത്തുക എന്നത് ചൂതാട്ടമായിരുന്നു. അതിനായി ഇന്ധനവും ഭക്ഷണവും ഉടമയറിയാതെ ശേഖരിച്ചു. എല്ലാ സാഹചര്യവും ഒത്തുവന്നപ്പോല്‍ നവംബര്‍ 19ന് അഷ് ഷിഹ്ര്‍ തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.
ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അവര്‍ കൊച്ചിയിലെത്തി. ശനിയാഴ്ച രാവിലെ ഇവരുടെ ബന്ധുക്കള്‍ കൊച്ചിയിലെത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ബന്ധുക്കളോടൊപ്പം വിടുമെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ഒമാനില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പോണ്‍സര്‍ കൊണ്ടുപോയത്. പക്ഷേ എത്തിപ്പെട്ടത് യെമനിലാണ്. ഞങ്ങളില്‍ അഞ്ച് പേര്‍ ഡിസംബര്‍ 13നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്.
Representative Image
ഷാര്‍ജയിലാണ് ആദ്യം എത്തിയത്. യെമനിലേക്ക് കൊണ്ടു പോകും മുമ്പ് ഒരുമാസം അജ്മാനിലെ ബോട്ടില്‍ താമസിച്ചു. നാല് പേരെ സലാഹില്‍ നിന്നാണ് യെമനില്‍ എത്തിച്ചത്. ജീവിക്കാനായാണ് ഗള്‍ഫിലെത്തിയത്. എന്നാല്‍, യെമന്‍ ദു:സ്വപ്നമായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. സൊമാലിയക്ക് സമീപത്തുകൂടെയായിരുന്നു യാത്ര. നന്നായി പേടിച്ചു. പലയിടത്തും കടല്‍ നന്നായി പേടിപ്പിച്ചു.
7000 ലിറ്റര്‍ ഇന്ധനവുമായാണ് തിരിച്ചത്. ലക്ഷദ്വീപിലെത്തിയപ്പോള്‍ 500 ലിറ്റര്‍ മാത്രമായിരുന്നു ബാക്കി. കുറച്ച് പേരുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ച് ദിവസം പിന്നിട്ടതോടെ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും കുറഞ്ഞു തുടങ്ങി. അവസാന ദിവസങ്ങളില്‍ ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചത്. എല്ലാവരുടെയും കൈയില്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ ഇവരെ വിശദമായി ചോദ്യം ചെയ്തു. ബോട്ട് കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam