
ബെംഗളൂരു: ഹൈദരാബാദിലെ പഞ്ചനക്ഷത്രഹോട്ടലായ റാഡിസൺ ബ്ലൂവിൽ വൻ ലഹരിവേട്ട. ബിജെപി നേതാവ് ജി യോഗാനന്ദിന്‍റെ മകനും ബിസിനസ് ഉടമയുമായ ഗജ്ജല വിവേകാനന്ദ്, ബോളിവുഡ് സംവിധായകൻ കൃഷ് അടക്കം 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിവിങ് ടുഗദർ പങ്കാളിയായ തെലുഗു നിർമാതാവ് കേദാറിനൊപ്പം ലഹരി പാർട്ടിക്കെത്തിയ നടി ലിഷി ഗണേശയെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ആന്ധ്ര മുൻ മുഖ്യമന്ത്രി കെ റോസയ്യയുടെ പേരക്കുട്ടിയും ബിജെപി നേതാവ് ഗജ്ജല യോഗാനന്ദിന്‍റെ മകനും മഞ്ജീര ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗജ്ജല വിവേകാനന്ദ് ആണ് ഹൈദരാബാദിലെ പഞ്ചനക്ഷത്രഹോട്ടലിൽ ലഹരിപാർട്ടി നടത്തിയത്. പാർട്ടിക്കെത്തിയ തെലുഗു സിനിമാ നിർമാതാവ് കേദാർ, ബോളിവുഡ് - തെലുഗു സംവിധായകൻ കൃഷ് ജഗർലമുടി എന്നിവരടക്കം പത്ത് പേരെയാണ് ഗച്ചിബൗളി പൊലീസ് അറസ്റ്റ് ചെയ്തത്. മണികർണിക, ഗബ്ബർ ഈസ് ബാക്ക്, കൃഷ്ണം വന്ദേ ജഗദ് ഗുരും എന്നീ സിനിമകളുടെ സംവിധായകനാണ് കൃഷ്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് റെയ്ഡ് നടത്തിയത്. ഇവരിൽ നിന്ന് മൂന്ന് കൊക്കൈൻ പാക്കറ്റുകളും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയിൽ ഗജ്ജല വിവേകാനന്ദും നിർമാതാവ് കേദാറും മറ്റ് മൂന്ന് പേരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. കേദാറിന്‍റെ ലിവിങ് ടുഗദർ പങ്കാളിയും മോഡലും നടിയും യൂട്യൂബറുമായ ലിഷി ഗണേശയും പാർട്ടിയിൽ ഉണ്ടായിരുന്നു. ഇവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. രണ്ട് വർഷം മുമ്പ് ലിഷിയും സഹോദരിയും മറ്റൊരു ലഹരി പാർട്ടി കേസിൽ അറസ്റ്റിലായിരുന്നു. ഗജ്ജല വിവേകാനന്ദയുടെ ജൂബിലി ഹിൽസിലെ വസതിയിലും പൊലീസ് പരിശോധന നടത്തി. ഇവർക്ക് എവിടെ നിന്ന് ലഹരി കിട്ടി എന്നതുൾപ്പടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam