അജ്മൽ കസബിൽ നിന്ന് വെടിയേറ്റ 9 വയസുകാരി; ഭയത്തെ ധൈര്യമാക്കി സാക്ഷി പറഞ്ഞു, ഇനിയും പൂർണമായ നീതി നടപ്പായിട്ടില്ലെന്ന് ദേവിക

Published : Nov 25, 2025, 09:47 PM IST
Devika Rotawan

Synopsis

2008-ലെ മുംബൈ ഭീകരാക്രമണത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷിയായ ദേവിക റൊട്ടാവൻ, ആ ഭീകര രാത്രിയിലെ ഓർമ്മകളും അജ്മൽ കസബിനെതിരായ പോരാട്ടവും പങ്കുവെക്കുന്നു. 17 വർഷങ്ങൾക്കിപ്പുറം, ഭീകരതയ്ക്കെതിരായ തൻ്റെ നിലപാടുകളെക്കുറിച്ചും അവർ തുറന്നുപറയുന്നു.

ദില്ലി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭീകരാക്രമണങ്ങളിലൊന്നായ 2008 നവംബർ 26ന് മുംബൈയിൽ നടന്ന കൂട്ടക്കൊലയിൽ അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദേവിക റൊട്ടാവൻ. 17 വർഷങ്ങൾക്കിപ്പുറം ഏഷ്യാനെറ്റ് ന്യൂസബിൾ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ, ആ രാത്രിയിലെ ഭയവും ധൈര്യവും കുടുംബം നേരിട്ട നിയമപരവും സാമ്പത്തികപരവുമായ നീണ്ട പോരാട്ടങ്ങളും ദേവിക പങ്കുവെച്ചു.

'ഞാനന്ന് ഒമ്പത് വയസുകാരി മാത്രം'

ഭീകരാക്രമണം നടന്ന രാത്രിയിലെ ഭയം ദേവികയുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. "അന്ന് എനിക്ക് ഒമ്പത് വയസും പതിനൊന്ന് മാസവുമായിരുന്നു പ്രായം. ആ പ്രായത്തിൽ എന്താണ് ഭീകരത, വെടിയുതിർക്കുന്നത് എന്തിനാണ് എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു," ദേവിക പറയുന്നു. "അയാളുടെ ( അജ്മൽ കസബ്) കയ്യിൽ വലിയ തോക്കുണ്ടായിരുന്നു, ആളുകളെ കൊല്ലുന്നതിൽ അയാൾക്ക് ആനന്ദം ലഭിക്കുന്നുണ്ടായിരുന്നു. ആ പ്രായത്തിൽ അത് കണ്ടത് ഇന്നും എന്‍റെ മനസിൽ അതേപടി പതിഞ്ഞുകിടക്കുന്നു. എനിക്കൊരിക്കലും അത് മറക്കാനായിട്ടില്ല, മറക്കാൻ ശ്രമിച്ചാലും കഴിയില്ല." എന്നാൽ, ആ രാത്രിയിലെ ഭയം പിന്നീട് തന്‍റെ നിശ്ചയദാർഢ്യമായി മാറിയെന്ന് ദേവിക പറയുന്നു: "ആ ഭയം, ആ വേദന എനിക്ക് വളരെ വ്യത്യസ്തമായിരുന്നു. അന്ന് രാത്രി എത്രമാത്രം ഭയന്നോ, അതിനുശേഷം ഞാൻ ഭയക്കുന്നില്ല. ആ ഭയത്തെ ഞാൻ എന്‍റെ ധൈര്യമാക്കി മാറ്റി." - ദേവിക കൂട്ടിച്ചേർത്തു.

ഭീകരതയ്ക്കെതിരായ പോരാട്ടം

ഇത്രയും ചെറുപ്പത്തിൽ അജ്മൽ കസബിനെതിരെ സാക്ഷി പറയാനുള്ള ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന ചോദ്യത്തിന് ദേവികയുടെ മറുപടി ഇങ്ങനെ: "ഒന്നാമതായി, ഞാൻ എന്‍റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. അതിലുപരിയായി സൈനിക ഉദ്യോഗസ്ഥർക്കും മറ്റെല്ലാ ഉദ്യോഗസ്ഥർക്കും ഞാൻ ക്രെഡിറ്റ് നൽകും. അവരിൽ നിന്നാണ് എനിക്ക് പ്രചോദനവും ധൈര്യവും ലഭിച്ചത്."

26/11 ന് മുമ്പ് ദേവികയുടെ അമ്മ മരണപ്പെട്ടിരുന്നു. അതിനുശേഷമാണ് ഈ ആക്രമണം ഉണ്ടായത്. "ആദ്യം അമ്മയുടെ മരണം, രണ്ടാമത് എനിക്ക് വെടിയേറ്റു, മൂന്നാമത് ഭീകരത കണ്ടു. അതുകൊണ്ട് തന്നെ ഇത്രയധികം ആളുകളെ കൊല്ലുന്നവർക്ക് ശിക്ഷ നൽകണം എന്നൊരു ധൈര്യം ഉള്ളിൽ നിന്ന് വന്നു. ഞങ്ങൾ അവരെ ധൈര്യത്തോടെ നേരിടും," ദേവിക പറയുന്നു.

സിഎസ്ടി ഒരു യുദ്ധക്കളമായ രാത്രി

അച്ഛനും സഹോദരനും ഒപ്പം പ്ലാറ്റ്ഫോം കാത്തിരിക്കുമ്പോഴാണ് ആ ഭീകരാന്തരീക്ഷം ഉടലെടുത്തത്. പെട്ടെന്ന് ഒരു ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് സ്ഫോടനത്തിന്‍റെ ശബ്‍ദം വളരെ വലുതായിരുന്നു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ആളുകൾ ബാഗുകൾ ഉപേക്ഷിച്ച് ഓടുന്നത് ഞങ്ങൾ കണ്ടു. അതിനുശേഷം വെടിവയ്പ്പ് തുടങ്ങിയെന്ന് ദേവിക ഓര്‍ത്തെടുക്കുന്നു. "ചിലരുടെ കൈകളിൽ നിന്നും കാലുകളിൽ നിന്നും തലയിൽ നിന്നും വയറ്റിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു... സിനിമകളിൽ ഞാൻ വെടിവയ്പ്പ് കണ്ടിട്ടുണ്ട്... പക്ഷേ യഥാർത്ഥ ജീവിതം അതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അത് ഭയാനകമാണ്" ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ദേവികയുടെ കാലിൽ വെടിയേറ്റത്. നവംബർ 26ന് വെടിയേറ്റ ദേവികയുടെ കാലിൽ നിന്ന് 27നാണ് ബുള്ളറ്റ് നീക്കം ചെയ്തത്. 45 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ചികിത്സാ ചെലവുകൾ സർക്കാർ വഹിച്ചെങ്കിലും, മാനസികാഘാതം വലുതായിരുന്നു. "എനിക്ക് വീട്ടിലിരുന്ന് കരയാമായിരുന്നു. പക്ഷേ, ഞാൻ അതിനെ എന്‍റെ ധൈര്യമാക്കി മാറ്റി," ദേവിക പറഞ്ഞു.

അജ്മൽ കസബിനെ തൂക്കിലേറ്റിയത് ഭാഗിക നീതി മാത്രം

2012 നവംബർ 21ന് അജ്മൽ കസബിനെ തൂക്കിലേറ്റിയ പ്രഭാതം ദേവിക ഓർക്കുന്നു: "രാവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ആദ്യ കോൾ വന്നു, 'മോളെ, നീ ജയിച്ചു!' എന്ന്. പക്ഷേ അജ്മൽ കസബ് ഒരു കൊതുകിനെപ്പോലെയായിരുന്നു എന്ന് എനിക്ക് തോന്നി. ഇപ്പോഴും പാകിസ്ഥാനിൽ ഭീകരത നടത്തുന്നവർ, കസബിനെപ്പോലുള്ളവരെ സൃഷ്ടിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരുണ്ട്. അവർ ഇല്ലാതാകുമ്പോൾ മാത്രമാണ് എനിക്ക് പൂർണ്ണമായ നീതി ലഭിക്കുക," ദേവിക നിലപാട് വ്യക്തമാക്കുന്നു.

16 വർഷം നീണ്ട നിയമപോരാട്ടം

കേസിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷിയായിരുന്നിട്ടും പുനരധിവാസ ആനുകൂല്യങ്ങൾക്കായി ദേവികക്ക് പോരാടേണ്ടിവന്നു. "എനിക്ക് എല്ലാം കിട്ടിയില്ല. കിട്ടിയതെന്തും ഞാൻ പോരാടി നേടിയതാണ്. ഈ വീട് കിട്ടാൻ എനിക്ക് പതിനാറ് വർഷം വേണ്ടിവന്നു." ഇതിന് രാഷ്ട്രീയക്കാരെ അല്ല, കോടതിയെയാണ് ദേവിക അഭിനന്ദിക്കുന്നത്. ഇന്നും തനിക്ക് ശാരീരിക വേദനകളുണ്ടെന്നും, തണുപ്പുള്ള കാലാവസ്ഥയിൽ വേദന കൂടുമെന്നും ദേവിക പറയുന്നു.

ഭീകരതയെ നേരിടുക, ധൈര്യം പ്രചോദിപ്പിക്കുക

കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ തുക്കാറാം ഓംബ്ലെയുടെ ധൈര്യം ഓരോ പൗരനിലും ഉണ്ടാകണമെന്ന് ദേവിക ആഹ്വാനം ചെയ്യുന്നു. ഭയം നമ്മെ കീഴടക്കാൻ അനുവദിക്കരുത്, ധൈര്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ഭാവിയിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ദേവിക തീരുമാനിച്ചിട്ടുണ്ട്. "ഭീകരത ശരീരത്തെ മുറിവേൽപ്പിച്ചേക്കാം, പക്ഷേ ധൈര്യത്തിന് ഭയത്തെ എന്നേക്കുമായി തോൽപ്പിക്കാൻ കഴിയും," ഇതാണ് 17 വർഷങ്ങൾക്കിപ്പുറം ദേവിക നൽകുന്ന സന്ദേശം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന