
താനെ: നടുറോഡിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ 9 വർഷത്തിന് ശേഷം പ്രതിക്ക് ഒരു ദിവസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. 2016 നവംബർ 18ന് താനെയിൽ ആണ് സംഭവം നടന്നത്. കാഡ്ബറി സിഗ്നലിൽ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ ദിലീപ് പവാറിനെ, രമേഷ് ഷിത്കർ എന്നയാൾ മർദ്ദിക്കുകയായിരുന്നു. റോഡ് നിയമം പാലിക്കാൻ ആവശ്യപ്പെട്ട ദിലീപ് പവാറിനെ രമേഷ് കാർ നടുറോഡിൽ നിർത്തി അസഭ്യം പറയുകയും കരണത്ത് അടിച്ചു എന്നാണ് കേസ്.
സംഭവത്തിൽ റബോഡി പൊലീസ് സ്റ്റേഷനിൽ രമേഷിനെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ 9 വർഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്. രമേഷ് ഷിത്കർ കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ് കോടതി അദ്ദേഹത്തിന്റെ ദുർബലമായ ആരോഗ്യവും കുടുംബ ഉത്തരവാദിത്തങ്ങളും കണക്കിലെടുത്ത് ഒരു ദിവസത്തെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വിധിക്കുകയായിരുന്നു.
വിചാരണയ്ക്കിടെയുള്ള പെരുമാറ്റം, ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ ഉത്തരവാദിത്തങ്ങൾ, പൊലീസുകാരന് ഉണ്ടായ പരിക്കിന്റെ സ്വഭാവം എന്നിവ കണക്കിലെടുത്ത് പ്രതിക്ക് ഇളവ് അർഹമാണെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ടി പവാർ നിരീക്ഷിച്ചു.