
ഭോപ്പാൽ: 90 ഡിഗ്രി വളവുള്ള മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിലെ സാങ്കേതിക പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അപാകതകൾ പരിഹരിച്ച ശേഷം മാത്രമേ മേൽപ്പാലം ഉദ്ഘാടനം ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. 90 ഡിഗ്രി പാലത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
648 മീറ്റർ നീളമുള്ള പാലം ഐഷ്ബാഗ് പ്രദേശത്താണ് റെയിൽവെ മേൽപ്പാലം നിർമിച്ചത്. 18 കോടി രൂപയിലേറെയാണ് നിർമാണ ചെലവ്. റെയിൽവേ ക്രോസിംഗുകളിലെ കാലതാമസം ഒഴിവാക്കാനും മൂന്ന് ലക്ഷത്തോളം ആളുകൾക്ക് പ്രയോജനം ലഭിക്കാനും ലക്ഷ്യമിട്ടാണ് ഈ പാലം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഒരു ഭാഗം നിർമിച്ചത്. മറ്റൊരു ഭാഗം റെയിൽവേയും. പാലത്തിലെ അസാധാരണ വളവിന് കാരണക്കാരെ കണ്ടെത്താനും പിഴവ് പരിഹരിക്കാൻ ശുപാർശ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിലെ രണ്ട് ചീഫ് എഞ്ചിനീയർമാരും ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറും ഉൾപ്പെടെ നാല് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
2024 ഏപ്രിൽ 4ന് റെയിൽവേ സൂപ്പർവൈസർമാരുടെ ഒരു സംഘം പാലം നിർമിക്കുന്ന സ്ഥലം പരിശോധിച്ചിരുന്നു. ഇതിനുശേഷം വെസ്റ്റ് സെൻട്രൽ റെയിൽവേസ് ഡിവിഷനിലെ ഡെപ്യൂട്ടി സിവിൽ എഞ്ചിനീയർ സുധാംശു നാഗായച്ച്, പിഡബ്ല്യുഡി ബ്രിഡ്ജ് കൺസ്ട്രക്ഷൻ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എഴുതിയ കത്തിൽ 'പരിശോധനയ്ക്കിടെ, ബർഖേദി ഭാഗത്ത് പാലത്തിനെയും അപ്രോച്ചിനെയും ബന്ധിപ്പിച്ചിരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല' എന്ന് രേഖപ്പെടുത്തിയിരുന്നു. പിഡബ്ല്യുഡിയും റെയിൽവേയും നിർമ്മിച്ച പാലത്തിന്‍റെ ഭാഗങ്ങൾ ഏകദേശം 90 ഡിഗ്രി കോണിൽ സംഗമിക്കുന്നുവെന്നും ഇത് ഉപയോഗയോഗ്യമല്ലെന്നും അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു.
10 വർഷമെടുത്താണ് ഈ 'എഞ്ചിനീയറിംഗ് അത്ഭുതം' മധ്യപ്രദേശ് പിഡബ്ല്യുഡി സൃഷ്ടിച്ചതെന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്നു. ഈ കൊടും വളവ് കഴിഞ്ഞ ഉടനെ കുത്തനെയുള്ള ഇറക്കമാണെന്നും സാധാരണ വേഗതയില്‍ ഒരു വാഹനം വന്നാല്‍പ്പോലും പാലത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലെന്നും വിമർശനം ഉയർന്നു. പിന്നാലെയാണ് പിഴവുകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയത്.