
മുംബൈ: നാല്പത് വർങ്ങൾക്ക് ശേഷം പഞ്ചുഭായ് എന്ന 94കാരി തന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.1980ലാണ് വഴിതെറ്റി അലയുന്ന പഞ്ചുഭായിയെ ഒരു ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. മധ്യപ്രദേശ് സ്വദേശിയായ ഇസ്‍റാര്‍ ഖാന്‍റെ അച്ഛനായിരുന്നു ആ ട്രെക്ക് ഡ്രൈവര്‍.
മധ്യപ്രദേശിലെ ദമോഹ് ജില്ലയില്‍ വെച്ചായിരുന്നു പഞ്ചുഭായിയെ അദ്ദേഹം കാണുന്നത്. തേനിച്ചകളുടെ കുത്തേറ്റ് അവശയായ നിലയിലായിരുന്നു പഞ്ചുഭായ്.
''ആന്‍റിയെ അച്ഛന്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഞാന്‍ വളരെ കുഞ്ഞായിരുന്നു. അവര് പിന്നെ ഇക്കാലം വരെ ഞങ്ങള്‍ക്കൊപ്പമാണ് ജീവിച്ചത്. ആന്‍റി എന്നാണ് ഞങ്ങൾ അവരെ വിളിച്ചത്. അവര്‍ക്ക് മാനസികമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മറാഠിയിലാണ് സംസാരിച്ചിരുന്നത്. അത് ഞങ്ങള്‍ക്ക് മനസ്സിലായതുമില്ല. പലപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അതിനെക്കുറിച്ച് ഒരു മറുപടിയും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല '' ഇസ്‍റാര്‍ ഖാന്‍ പറയുന്നു.
''അങ്ങനെയിരിക്കെ ആന്റിയുടെ കുടുംബത്തെ കണ്ടെത്താനായി അവരെ കുറിച്ച് ഞാന്‍ ഫേസ്‍ബുക്കില്‍ കുറിപ്പിട്ടു. പക്ഷേ നിരാശയായിരുന്നു ഫലം. ഖന്‍ജ്‍മ നഗര്‍ എന്ന ഒരു സ്ഥലപേര് അവര്‍ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഗൂഗിളില്‍ ഈ പേര് സെര്‍ച്ച് ചെയ്‌തെങ്കിലും അത് എവിടെയാണെന്ന് കണ്ടുപിടിക്കാനായില്ല'' ഇസ്‍റാര്‍ ഖാന്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മെയ് നാലിന് വീണ്ടും കുടുംബത്തെക്കുറിച്ച് ഇയാൾ പഞ്ചുഭായിയോട് സംസാരിച്ചിരിക്കുമ്പോള്‍ പര്‍സാപൂര്‍ എന്നൊരു സ്ഥലത്തിന്റെ പേര് പറഞ്ഞു. അതേക്കുറിച്ച് ഗൂഗിളില്‍ നോക്കിയപ്പോള്‍ മഹാരാഷ്ട്രയില്‍ അങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പര്‍സാപൂരില്‍ കട നടത്തുന്ന ഒരു സുഹൃത്തുമായി ഇസ്റാൻ ബന്ധപ്പെടുകയായിരുന്നു.
പിന്നാലെ മെയ് 7ന് പഞ്ചുഭായിയുടെ ഒരു വീഡിയോ എടുത്ത് ആ സുഹൃത്തിന് യുവാവ് അയച്ചുകൊടുത്തു. ''അവരത് ആ നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടു. അന്ന് രാത്രിയോടെ തന്നെ എനിക്കൊരു ഫോണ്‍ വന്നു. അഭിഷേക് എന്നൊരാളാണ് വിളിച്ചത്. ആന്റിയെ അവരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു എന്ന വിവരം പറയാനാണ് അയാള്‍ എന്നെ വിളിച്ചത്''ഇസ്റാൻ പറയുന്നു.
പഞ്ചുഭായിയുടെ കൊച്ചുമകനായ പൃഥ്വി ഭയ്യലാല്‍ ഷിന്‍ഗാനെയാണ് അവരെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പഞ്ചുഭായിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കിയെങ്കിലും ലോക്ക്ഡൗൺ അതിന് തടസമായി. തുടർന്ന് ജൂണ്‍ 17 നാണ് ഇസ്റാൻ ഖാൻ, വൃദ്ധയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ, മൂന്ന് വർഷം മുമ്പ് അവരുടെ മകൻ മരിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശിയെ ചികിത്സയ്ക്കായാണ് നാഗ്പൂരില്‍ കൊണ്ടുപോയതെന്ന് കൊച്ചുമകന്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം അവിടെ നിന്ന് കാണാതാകുകയായിരുന്നു. അന്ന് അച്ഛനായിരുന്നു മുത്തശ്ശിയുടെ കൂടെയുണ്ടായിരുന്നത്. അന്നുമുതല്‍ മുത്തശ്ശിക്കായി തന്‍റെ അച്ഛന്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും 2017 ലാണ് മരണപ്പെട്ടതെന്നും കൊച്ചുമകന്‍ പൃഥ്വി ഭയ്യലാല്‍ ഷിന്‍ഗാനെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam