
ദില്ലി: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സുഗമമായി സമാപിച്ചതായി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ദില്ലിയിൽ അറിയിച്ചു. 9900 വോട്ടർമാരാണ് തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ഇവരിൽ 9500 പേർ വോട്ട് ചെയ്തു. 96 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന എല്ലാ പിസിസികളിലും 90 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയെന്നും ഭാരത് ജോഡോ യാത്രയിൽ നൂറ് ശതമാനം പോളിംഗുണ്ടായെന്നും മധസൂദനൻ മിസ്ത്രി അറിയിച്ചു.
ജനാധിപത്യ പ്രക്രിയയോടുള്ള മികച്ച പ്രതികരണമാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കണ്ടെതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാവൂ എന്നും പാര്‍ട്ടിയിലെ ഉൾപ്പാര്‍ട്ടി ജനാധിപത്യത്തിൻ്റെ കരുത്ത് ഇതിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്ര സംഘത്തിലെ 52 പേര്‍ക്കാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയടക്കം ഇവരെല്ലാവരും ഇന്ന് ഭാരത് ജോഡോ വേദിയിയിലെ കണ്ടെയ്നര്‍ മുറിയിൽ തയ്യാറാക്കിയ പ്രത്യേക ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിങ്ങനെ പ്രമുഖ നേതാക്കൾ വോട്ട് രേഖപ്പെടുത്തി.
കേരളത്തിൽ ആകെ 310 പേര്‍ക്കാണ് വോട്ടുണ്ടായിരുന്നത്. 95.6 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുതിര്‍ന്ന നേതാവ് എകെ ആൻ്റണി, സ്ഥാനാര്‍ത്ഥി ശശി തരൂര്‍, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഇന്ന് വോട്ടിംഗിനായി ഇന്ദിരാഭവനിലെത്തിയിരുന്നു.
വോട്ടര്‍ പട്ടികയിൽ പേരുണ്ടായിരുന്ന 310 പേരിൽ 287 പേര്‍ വോട്ട് ചെയ്തു. മരണപ്പെട്ട നേതാക്കളായ പുനലൂര്‍ മധു, ആര്യാടൻ, പ്രതാപവര്‍മ തമ്പാൻ എന്നിവരുടെ പേരുകൾ വോട്ടര്‍പട്ടികയിൽ ഉണ്ടായിരുന്നു. ഭാരത് ജോഡോ യാത്ര സംഘത്തിലുണ്ടായിരുന്ന വിദ്യ ബാലകൃഷ്ണൻ, അനിൽ ബോസ് എന്നിവര്‍ അവിടെ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പോളിംഗ് ഓഫീസര്‍മാരുടെ ചുമതല വഹിച്ച ഷാനിമോൾ ഉസ്മാൻ , നെയ്യാറ്റിക്കര സനൽ, ജോൺ എബ്രഹാം, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നീ അഞ്ച് നേതാക്കളും അതത് സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്തി.
അസുഖബാധിതരായി ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ഒൻപത് നേതാക്കൾ വോട്ട് ചെയ്യാനെത്തില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. വയലാർ രവി, കെഎംഎ സലാം, പി.പി.തങ്കച്ചൻ, ടി.എച്ച്. മുസ്തഫ, പി.കെ. അബൂബക്കർ ഹാജി, കെപി വിശ്വനാഥൻ, കെ.അച്ചുതൻ, എ.ഡി മുസ്തഫ എന്നിവരാണ് അനാരോഗ്യം മൂലം വോട്ട് ചെയ്യാതിരുന്നത്. വിദേശസന്ദര്‍ശനത്തിലായിരുന്ന വിഎം സുധീരനും, കരകുളം കൃഷ്ണപ്പിള്ളയും വോട്ട് ചെയ്തില്ല. വോട്ടര്‍ പട്ടികയിലെ സാങ്കേതിക പ്രശ്നം കാരണം കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. ബലാത്സംഗക്കേസിൽ പ്രതി ചേര്‍ക്കപ്പെട്ടതിനാൽ ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയാണ് വോട്ടെടുപ്പിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ മറ്റൊരാൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam