
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേനയ്ക്ക് നൽകിയ ചിഹ്നത്തിനെതിരെ സിഖ് സാമുദായിക നേതാക്കള്‍ രംഗത്ത്. രണ്ട് വാളും പരിചയുമാണ് ബാലാസാഹേബ് ശിവസേനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം.
സിഖ് സമൂഹത്തിന്‍റെ ആചാരപ്രകാരമുള്ള ഖൽസ പന്തിന്‍റെ ചിഹ്നമാണ് ഏക്‌നാഥ് ഷിൻഡെയുടെ പാര്‍ട്ടിക്ക് നല്‍കിയത് എന്നാണ് സിഖ് സമൂഹം വാദിക്കുന്നത്. അതേ സമയം ഉദ്ധവ് താക്കറെയുടെ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ)യ്ക്ക് അനുവദിച്ച ജ്വലിക്കുന്ന പന്തം എന്ന ചിഹ്നത്തിനെതിരെ സമതാ പാർട്ടി ഇതിനകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നന്ദേഡിലെ ഗുരുദ്വാര സച്ച്ഖണ്ഡ് ബോർഡിന്‍റെ മുൻ സെക്രട്ടറിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ രഞ്ജിത്സിംഗ് കാംതേകർ, മതപരമായ അർത്ഥമുള്ളതിനാൽ ചിഹ്നം അനുവദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പരാതി പരിഗണിച്ചില്ലെങ്കില്‍ അടുത്തഘട്ടമായി കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സിഖ് ഗുരു ശ്രീ ഗോവിന്ദ് സിംഗ് ഖൽസ പന്തിന്‍റെ മതചിഹ്നമായി വാളും പരിചയും സ്ഥാപിച്ചിരുന്നുവെന്ന് രഞ്ജിത്സിംഗ് കാംതേകർ പറഞ്ഞു. ഈ പാര്‍ട്ടികള്‍ ത്രിശൂലവും ഗദയും ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവർക്ക് മതപരമായ അർത്ഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് നിഷേധിച്ചുവെന്നും കാംതേകർ കൂട്ടിച്ചേർത്തു.
ഷിൻഡെ വിഭാഗത്തിന് അനുവദിച്ച ചിഹ്നത്തിന് പോലും മതപരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. കമ്മീഷന്‍ ഇത് ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാംതേകർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മറ്റ് സിഖ് സമുദായ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക കത്ത് അയയ്‌ക്കുമെന്ന് കാംതേകർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരെ ടാഗ് ചെയ്ത് തന്‍റെ പരാതി ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുംബൈ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറി, സ്ഥാനാർഥിയെ പിൻവലിക്കും