
ദില്ലി: യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഗ്നിപഥ് പദ്ധതിയിൽ പൊളിച്ചെഴുത്തുമായി കേന്ദ്ര സർക്കാർ. അഗ്നിവീറുകളായി ചേർന്നവർക്ക് കൂടുതൽ കാലം സൈനികസേവനത്തിന് അവസരം നൽകും. നാല് വർഷത്തെ സേവനം പൂർത്തിയാക്കുന്നവരിൽ 75 ശതമാനം പേർക്കാണ് രണ്ട് വർഷം കൂടി തുടരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. രണ്ടു കൊല്ലം കഴിയുമ്പോൾ താൽപര്യമുള്ളവരെ സ്ഥിരമായി നിലിനിർത്തുമെന്നും സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാർ 2022ൽ കൊണ്ടുവന്ന പരിഷ്കരണ പദ്ധതിയാണ് അഗ്നിപഥ്. സേനകളിലെ യുവത്വം നിലനിർത്തുക എന്നത് ലക്ഷ്യമാക്കിയാണ് പദ്ധതിയെന്നാണ് സർക്കാർ അന്ന് ന്യായീകരിച്ചത്. യുപി, ബീഹാർ അടക്കം സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിട്ടും സർക്കാർ അതുമായി മുന്നോട്ട് പോയി. ഒടുവിൽ നാല് വർഷങ്ങൾക്ക് ശേഷം പദ്ധതിയുടെ ഘടനയിൽ തന്നെ സർക്കാർ മാറ്റം വരുത്തിയിരിക്കുകയാണ്. ഡിസംബറോടെ ആദ്യ ബാച്ചിലെ 18000 അഗ്നീവീറുകൾ നാലുവർഷ കാലാവധി പൂർത്തിയാകാനാരിക്കെയാണ് പ്രഖ്യാപനം. നാല് വർഷത്തെ സേവനത്തിന് ശേഷം പുറത്തുപോകേണ്ടിയിരുന്ന 75 ശതമാനം പേർക്കും രണ്ടു കൊല്ലം കൂടി നീട്ടി നൽകുകയായിരുന്നു. 25 ശതമാനം പേർക്ക് മാത്രം സ്ഥിര നിയമനം എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. രണ്ടു കൊല്ലത്തെ അധിക സേവനത്തിന് ശേഷം ഭൂരിപക്ഷം പേർക്കും സ്ഥിര നിയമനത്തിനുള്ള അവസരവും ഒരുങ്ങും.
പദ്ധതിയിൽ സർക്കാർയുടേൺ അടിച്ചെന്ന് കോൺഗ്രസ് പ്രതികരിച്ചു. പദ്ധതി പുനപരിശോധിക്കണമെന്ന രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകൾ ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്നും കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അഗ്നിപഥ് പദ്ധതി നടപ്പാക്കിയത് യുപിയടക്കം സംസ്ഥാനങ്ങളിൽ തിരിച്ചടിയായെന്ന് ബിജെപി നേരത്തെ വിലയിരുത്തിയിരുന്നു. അടുത്ത വർഷം യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സേനയിൽ നിന്ന് പുറത്താകേണ്ടിയിരുന്ന പതിനാലായിരത്തോളം യുവാക്കളെ നിലനിർത്താൻ കേന്ദ്ര മന്ത്രിസഭ തീരുാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam