
ദില്ലി: എയര്‍ ഇന്ത്യ ന്യൂയോർക്ക് - ദില്ലി വിമാനത്തിലെ സംഭവത്തിന് പിന്നാലെ പാരീസ് - ദില്ലി വിമാനത്തിലും മദ്യപന്‍റെ അതിക്രമം. സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നാണ് പരാതി. ഡിസംബർ ആറിനാണ് എയര്‍ ഇന്ത്യയുടെ പാരീസ് - ദില്ലി വിമാനത്തിൽ രണ്ടാമത്തെ സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. ദില്ലിയിൽ എത്തിയ ഇയാളെ വിമാനജീവനക്കാർ സിഐഎസ്എഫ് അധികൃതർക്ക് കൈമാറി. പിന്നീട് യുവതിയോട് ഇയാൾ മാപ്പ് പറഞ്ഞെന്നും, യുവതി നൽകിയ പരാതി പിൻവലിച്ചതോടെ മാപ്പ് എഴുതി നൽകി സംഭവം ഒത്തുത്തീർപ്പാക്കിയെന്നുമാണ് വിമാനത്താവള അധികൃതർ പറയുന്നത്.
അതേസമയം ന്യൂയോർക്ക് ദില്ലി വിമാനത്തിൽ അതിക്രമം നടത്തിയത് മുംബൈ സ്വദേശിയായ 50 കാരനായ ശേഖർ മിശ്രയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 72 വയസുള്ള കര്‍ണ്ണാടക സ്വദേശിനിയുടെ പരാതിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്യാൻ ദില്ലി പൊലീസ് സംഘം മുംബൈയിൽ എത്തി. എന്നാൽ ഇയാൾ ഒളിവിലാണ്. ഡിജിസിഎക്ക് നൽകിയ റിപ്പോർട്ടിൽ യാത്രക്കാരി, യാത്രക്കാരനെതിരായ പരാതി പിൻവലിച്ചെന്നും ഇവർക്ക് ടിക്കറ്റ് തുക മടക്കിനൽകിയെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. എന്നാൽ നവംബര്‍ 26 ന് നടന്ന സംഭവത്തിൽ പരാതി കിട്ടുന്നത് ഒരു മാസം കഴിഞ്ഞാണെന്നാണ് പൊലീസ് പറയുന്നത്. നഷ്ടപരിഹാരം നൽകി സംഭവം ഒത്തുത്തീർപ്പാക്കാൻ വിമാനക്കമ്പനി ശ്രമം നടത്തി. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് പരാതി കൈമാറിയതെന്നുമാണ് പൊലീസ് ഭാഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam