യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം: പരാതി പിൻവലിച്ചെന്ന് എയർ ഇന്ത്യ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Published : Jan 05, 2023, 04:23 PM ISTUpdated : Jan 05, 2023, 04:24 PM IST
യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം: പരാതി പിൻവലിച്ചെന്ന് എയർ ഇന്ത്യ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Synopsis

കർണാടക സ്വദേശിയായ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ മുംബൈ വ്യവസായിക്ക് 30 ദിവസം യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് എയർ ഇന്ത്യ

ദില്ലി: വിമാനത്തിൽ സഹയാത്രികയെ അപമാനിച്ച സംഭവത്തിൽ എയർ ഇന്ത്യ, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് റിപ്പോർട്ട് നൽകി. പരാതിക്കാരിയായ സ്ത്രീ അതിക്രമം നടത്തിയ ആൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി പിൻവലിച്ചിരുന്നു. യാത്രക്കാരിക്ക് അപമാനം നേരിട്ട സാഹചര്യത്തിൽ ഇവരിൽ നിന്ന് ഈടാക്കിയ ടിക്കറ്റിന്റെ പണം തിരികെ നൽകി. വിമാന ജീവനക്കാർ പൊലീസിനോട് അതിക്രമം നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും എയർ ഇന്ത്യ പറയുന്നു. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. 

അമേരിക്കയിലെ ന്യൂയോർകിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിൽ വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. മുംബൈ വ്യവസായി ശേഖർ മിശ്രയാണ് അതിക്രമം നടത്തിയത്. കർണാടക സ്വദേശിയായ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. പ്രതിക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. 

ശേഖർ മിശ്രയ്ക്ക് എതിരെ ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകൾക്ക് എതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. സംഭവത്തിൽ വിമാന ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

ദുരനുഭവത്തേക്കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ക്യാബിന്‍ ക്രൂവിനെ അറിയിച്ച ശേഷവും ശേഖർ മിശ്ര മോശമായി പെരുമാറി. വിമാനത്തിലെ ജീവനക്കാര്‍ തന്നോട് സഹകരിച്ചില്ലെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. 

എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു സംഭവം. ലൈറ്റുകള്‍ ഓഫായതിന് പിന്നാലെ  സഹയാത്രികന്‍ തന്‍റെ സീറ്റിനടുത്തേക്ക് നടന്ന് വരികയും പാന്‍റ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പ്രതിയെന്നും ആരോപണമുണ്ട്.

മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങള്‍ സ്ത്രീയ്ക്ക് നേരെ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.  പരാതിക്കാരിയുടെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായി. യാത്രക്കാരി ശബ്ദമുണ്ടാക്കിയപ്പോഴാണ് ഇയാള്‍ സീറ്റിനടുത്ത് നിന്ന് മാറിയത്. ക്യാബിന്‍ ക്രൂ യാത്രക്കാരിക്ക് വസ്ത്രം നല്‍കി. മൂത്രമായ സീറ്റില്‍ വയ്ക്കാന്‍ ഒരു ഷീറ്റും നല്‍കിയെന്നും പരാതിക്കാരി പറയുന്നു. നവംബർ 26നാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ പരാതി നൽകിയത് ഡിസംബർ 28ന് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും