'പട്ടേൽ ഇരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയരുത്', ആ‌‌ഞ്ഞടിച്ച് ആന്‍റണി

By Web TeamFirst Published Dec 25, 2019, 6:30 PM IST
Highlights

രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍റെ ഭാഗമായി എൻആർസി നടപ്പാക്കുമെന്ന് അദ്ദേഹത്തെക്കൊണ്ടുതന്നെ ഈ സർക്കാർ പ്രസംഗിപ്പിച്ചിട്ടുള്ളതാണ്. രാഷ്ട്രപതിയുടെ പ്രസംഗം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. 

ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്ന എൻപിആറിന് എൻആർസിയുമായി ബന്ധമില്ലെന്ന അമിത് ഷായുടെ വാദം തള്ളി പ്രതിപക്ഷം. സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയരുതെന്ന് എ കെ ആന്‍റണി ആവശ്യപ്പെട്ടു. എൻആർസിക്ക് ആധാരമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ എൻപിആർ അംഗീകരിക്കില്ലെന്നും ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റർ ആലോചിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിക്കു പിന്നാലെ അമിത് ഷായും ഇന്നലെ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിസഭ അംഗീകരിച്ച് പാർലമെന്‍റിൽ വച്ച നയപ്രഖ്യാപനപ്രസംഗം ചൂണ്ടിക്കാട്ടിയാണ് എ കെ ആന്‍റണി ഈ വാദം തള്ളുന്നത്. അന്നത്തെ രാഷ്ട്രപതിയുടെ പ്രസംഗം തന്നെയാണ് എ കെ ആന്‍റണി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 

''അനധികൃത കുടിയേറ്റക്കാരുള്ള മേഖലകളിൽ ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവന്ന് ഈ വിഷയം സർക്കാർ പരിഹരിക്കും'', എന്ന രാഷ്ട്രപതിയുടെ പ്രസംഗം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിപുലമായി ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പൗരത്വ റജിസ്റ്ററിന്‍റെ പേരിൽ ചർച്ചകൾ നടന്നിട്ടില്ല എന്നും ഇക്കാര്യം പാർലമെന്‍റിലോ മന്ത്രിസഭയിലോ ഒന്നും ചർച്ചയായിട്ടില്ല എന്നും
അമിത് ഷാ പറ‌ഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് എ കെ ആന്‍റണി പറയുന്നു. ''സർദാർ പട്ടേൽ ഇരുന്ന കസേരയിലിരുന്ന് ഇങ്ങനെ ഒരു പച്ചക്കള്ളം അമിത് ഷാ പറയരുത്. എൻആർസിയെക്കുറിച്ച് കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലും എൻആർസി വിഷയമായി ഉയർന്നു വന്നതാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍റെ ഭാഗമായി എൻആർസി നടപ്പാക്കുമെന്ന് അദ്ദേഹത്തെക്കൊണ്ടുതന്നെ ഈ സർക്കാർ പ്രസംഗിപ്പിച്ചിട്ടുള്ളതാണ്. 

രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഗവർണറുടെ പ്രസംഗത്തിലും ഉള്ള ഉള്ളടക്കം നമ്മുടെ പാർലമെന്‍ററി സമ്പ്രദായമനുസരിച്ച് അവർ സ്വയം തയ്യാറാക്കുന്നതല്ല. കേന്ദ്രമന്ത്രിസഭയുടെ നിലപാടുകളാണ് അതിൽ പ്രതിഫലിക്കുക. കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്താണ് അത് തയ്യാറാക്കുന്നതും'', എ കെ ആന്‍റണി പറയുന്നു.

രാജ്യത്തെ സംഘർഷഭരിതമാക്കുന്ന, കലാപകലുഷിതമാക്കുന്ന ഈ നിയമനിർമാണവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകരുത്. ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ 2020-ലേക്ക് കടക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് കൊളുത്തിയ തീ അവർ തന്നെ അണയ്ക്കണം. അതിനുള്ള ഏകപോംവഴി സിഎഎ നടപ്പാക്കില്ലെന്നും, അത് പിൻവലിക്കുമെന്നും പ്രഖ്യാപിക്കുക എന്നതാണ്. യാതൊരു കാരണവശാലും എൻആർസി നടപ്പാക്കില്ല എന്ന് പ്രഖ്യാപിക്കണം - എ കെ ആന്‍റണി ആവശ്യപ്പെട്ടു.

എൻപിആർ തയ്യാറാക്കുന്നതിൽ നിന്ന് കോൺഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ വിട്ടുനിൽക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് എ കെ ആന്‍റണി നൽകുന്ന മറുപടി ഇങ്ങനെ: 

''എൻപിആർ സാധാരണഗതിയിൽ തർക്കവിഷയമാകാൻ സാധ്യതയുള്ള ഒന്നല്ലല്ലോ. ഇതിന് മുമ്പും തയ്യാറാക്കിയിരുന്നതല്ലേ? പക്ഷേ, ഇത്തവണ എൻപിആർ എന്നത് എൻആർസി നടപ്പാക്കുന്നതിനുള്ള തുടക്കമാണ്. എൻപിആറിലെ വിവരങ്ങൾ എൻആർസി നടപ്പാക്കാൻ ഉപയോഗിക്കുമെന്ന പ്രഖ്യാപനം വന്നു. അതോടെയാണ് ജനങ്ങൾ പരിഭ്രാന്തരായത്. സാധാരണ എൻപിആർ വിവരശേഖരണവുമായി ബന്ധപ്പെട്ട് ആളുകളുടെ അച്ഛന്‍റെയും അമ്മയുടെയും പേരുൾപ്പടെയുള്ള വിഷയങ്ങൾ മാത്രമാണ് ചോദിക്കാറ്. എന്നാൽ ഇത്തവണ ആളുകളുടെ അച്ഛനും അമ്മയും ജനിച്ച രാജ്യമടക്കം ചോദിക്കുമെന്ന് പ്രഖ്യാപനം വരുന്നു. ഇത് എൻആർസിയ്ക്ക് വേണ്ടിയാണെന്ന ധാരണ വ്യാപകമാണ്. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളുണ്ടാകും. അത്തരത്തിലൊരു നീക്കം അനുവദിക്കില്ല'', എന്ന് എ കെ ആന്‍റണി. 

ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശത്തിന് എ കെ ആന്‍റണി നൽകിയ അഭിമുഖത്തിന്‍റെ പൂർണരൂപം കാണാം: 

click me!