
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനായി കാത്തിരിക്കൂവെന്ന് എ കെ ആന്‍റണി. കോണ്‍ഗ്രസിന് കാലഘട്ടത്തിന് ആവശ്യമായ അധ്യക്ഷനെ കിട്ടും. ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്‍റണി പറഞ്ഞു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ആന്‍റണിയുടെ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍റ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാന്‍റ്. ഇതിന്‍റെ ഭാഗമായാണ് എ കെ ആന്‍റണിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. വിശ്വസ്ഥന്‍റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗെലോട്ടിലുള്ള ഗാന്ധി കുടുബത്തിന്‍റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടച്ചിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി തേടുകയാണ് നേതൃത്വം.
അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഗെലോട്ട് ദില്ലിയിലെത്തുന്നത്. എന്നാല്‍ ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. കമല്‍നാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്.
ഇതിനിടെ ഗെലോട്ടിനെ വിമർശിച്ച് ഛത്തീസ്ഗഡിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ടി എസ് സിങ് ദേവ് രംഗത്തെത്തി. എം എല്‍ എമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആള്‍ എങ്ങനെ പാര്‍ട്ടിയെ നയിക്കുമെന്നായിരുന്നു വിമർശനം. അതേസമയം നേരത്തെ ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍റുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam