പ്രതികൾക്കായി ഹാജരാകില്ല, ബിജെപി നേതാവിന്‍റെ റിസോർട്ടില്‍ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ കടുപ്പിച്ച് അഭിഭാഷകർ

By Web TeamFirst Published Sep 28, 2022, 7:06 PM IST
Highlights

കേസ് പരിഗണിക്കുന്ന കോട്ദ്വാർ കോടതിയിലെ ബാർ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് നേരത്തെ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല.

ദില്ലി : ഉത്തരാഖണ്ഡില്‍ ബിജെപി നേതാവിന്‍റെ റിസോർട്ടില്‍ പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ. കേസ് പരിഗണിക്കുന്ന കോട്ദ്വാർ കോടതിയിലെ ബാർ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് നേരത്തെ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. അടുത്ത മാസം ആറിനാണ് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. 

അതിനിടെ പ്രതികൾ നേരത്തെയും റിസോർട്ടില്‍വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നെന്ന് മുന്‍പ് റിസോർട്ടില്‍ ജോലി ചെയ്ത പെൺകുട്ടി വെളിപ്പെടുത്തി. പല പ്രമുഖരും റിസോർട്ടില്‍ വന്നിരുന്നതായും പെൺകുട്ടി മൊഴി നൽകി. ഇന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

ബിജെപി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച അങ്കിത ഭണ്ഡാരി കൊലപാതക കേസ് ഉത്തരാഖണ്ഡ‍ിൽ വലിയ രാഷ്ട്രീയ കോളിളക്കമാണുണ്ടാക്കിയത്. മുൻ മന്ത്രി വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ അച്ഛനെയും മകനെയും ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കേസിന് പിന്നാലെ റിസോർട്ട് ഇടിച്ചു നിരത്തിയിരുന്നു. ഇത് തെളിവ് നശിപ്പിക്കാനാണെന്നാണ് കുടുംബമാരോപിച്ചത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തുന്ന് വരുത്തിത്തീർത്ത് തെളിവുകൾ നശിപ്പിക്കലായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പെൺകുട്ടിയുടെ കുടുംബം ഉയർത്തിയ ആക്ഷേപം. 
അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുന്‍പ് ശരീരത്തില്‍ മുറിവുകൾ  ഏറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുടുംബത്തിന് ഇതിൽ വിശ്വാസമില്ല. പെൺകുട്ടിയുടെ വാട്‍സ് ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അതിനിടെ റിസോർട്ടുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക വിവരം കൂടി പുറത്ത് വന്നു. വനതാര റിസോർട്ടിൽ നിന്ന് മാസങ്ങൾക്ക് മുൻപ് മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നുവെന്ന വിവരമാണ് പുറത്ത് വന്നത്. എട്ട് മാസം മുൻപാണ് പൗരി ഗാഡ്‌വാൾ സ്വദേശിയായ റിസപ്ഷനിസ്റ്റിനെ കാണാതായത്. പെൺകുട്ടി തന്റെ പണം മോഷ്ടിച്ച് കടന്നുവെന്നായിരുന്നു അന്ന് റിസോർട്ട് ഉടമയായ പുൾകിത് ആര്യ മൊഴി നൽകിയത്. ഇക്കാര്യത്തിലും പുനരന്വേഷണ ആവശ്യം ഉയർന്നിട്ടുണ്ട്. 

click me!