മൂത്രമൊഴിക്കാൻ പോട്ടെയെന്ന് ചോദിച്ച കുഞ്ഞിനെ അധ്യാപിക പ്രീതി കുശ്വാഹ വിലക്കി. എന്നാൽ അൽപ്പ സമയത്തിനകം കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചു. ഇതോടെയായിരുന്നു അധ്യാപകയുടെ ക്രൂരത.
ലഖ്നൗ: ഉത്തർപ്രദേശിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി കൊണ്ട് പൊളളിച്ച് അധ്യാപിക. വാരണാസിയിലെ സ്വകാര്യ പ്ലേ സ്കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പ്രീതി കുശ്വാഹയെന്ന അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വാരണാസിയിലെ സ്വകാര്യ പ്ലേ സ്കൂളിലാണ് കൊടും ക്രൂരത. മൂത്രമൊഴിക്കാൻ പോട്ടെയെന്ന് ചോദിച്ച കുഞ്ഞിനെ അധ്യാപിക പ്രീതി കുശ്വാഹ വിലക്കി. എന്നാൽ അൽപ്പ സമയത്തിനകം കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചു. ഇതോടെയായിരുന്നു അധ്യാപകയുടെ ക്രൂരത.
അധ്യാപിക അഞ്ചുവയസുകാരനെ തൊട്ടടുത്ത മുറിയിലേക്ക് വിളിപ്പിച്ചു. ഏറെ നേരം ശകാരിച്ചശേഷം കുട്ടിയെ ഇവർ തല്ലി. പിന്നീട് അരിശം തീരാതെ കത്തി ചൂടാക്കി കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ വെക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. ശരീരത്തിലെ പാടുകൾ കാണിച്ചു. എന്നാൽ പരാതിയുമായി സ്കൂളിലെത്തിയ രക്ഷിതാക്കളോട് പ്രിൻസിപ്പാളും മാനേജുമെന്റും ഒന്നും നടന്നില്ലെന്ന് ആവർത്തിച്ചു. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അധ്യാപിക പ്രീത കുശ്വാഹയ്ക്ക് പുറമെ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ കേസെടുത്തു. അധ്യാപികയെ പൊലീസ് ചോദ്യം ചെയ്തു. മെഡിക്കൽ പരിശോധനഫലം വന്ന ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മാപ്പർഹിക്കാത്ത ക്രൂരതയ്ക്കെതിരെ അധ്യാപികയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷ വിമർശനമാണുയരുന്നത്.


