
കൊയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ ഭീതി പരത്തിയ ആളെക്കൊല്ലി കൊമ്പനെ തളച്ചു. റോളക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒറ്റയാനെ ആണ് പുലർച്ചെ 4 മണിക്ക് പ്രത്യേക ദൗത്യസംഘം മയക്കുവെടി വച്ച് തളച്ചത്. 4 കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. കഴിഞ്ഞ മാസം ആനമല കടുവ സങ്കേതത്തിലെ വെറ്ററിനറി ഓഫീസർ വിജയരാഘവനെ ആക്രമിച്ചതിനെ തുടർന്ന് ദൗത്യം നിർത്തിവച്ചിരുന്നു. എന്നാൽ, വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തിയതോടെ പിസിസിഎഫ് വെങ്കടേശന്റെ നേതൃത്വത്തിൽ ആനയെ പിടികൂടാൻ ശ്രമം തുടങ്ങുകയായിരുന്നു.
കപിൽ ദേവ്, ബൊമ്മൻ, വസീം, ചിന്നത്തമ്പി എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ തളച്ചത്. തുടർന്ന് ആനമല കടുവാ സാങ്കേതത്തിൽ ടോപ് സ്ലിപ്പിനോട് ചേർന്നുള്ള വരഗളിയാർ ക്യാംപിലേക്ക് ആനയെ മാറ്റി. കഴിഞ്ഞ ഒരു വർഷത്തിനിടെ 4 പേരെ റോളക്സ് ചവിട്ടികൊന്നിട്ടുണ്ട്. മനുഷ്യരുടെ നേരേ അക്രമസക്തനായി ഓടിയടുക്കുന്ന സ്വഭാവം ഉള്ളതിനാൽ ദൗത്യം ദുഷ്കരം ആയിരുന്നു. റോളക്സിനെ പിടികൂടിയതിൽ നാട്ടുകാർ വനം വകുപ്പിന് നന്ദി പറഞ്ഞു.