തമിഴ്നാട് ഗവർണർ ആർ.എൻ. രവി, സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയ ഗാനം ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്. ഗവർണർ സഭയെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു.
ചെന്നൈ: തുടർച്ചയായ മൂന്നാം വർഷവും സർക്കാറിന്റെ നയപ്രഖ്യാപനം വായിക്കാതെ തമിഴ്നാട് ഗവർണർ ആർ.എൻ. രവി. നയപ്രഖ്യാപനം വായിക്കാതെ അദ്ദേഹം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ, ഗവർണറുടെ പ്രസംഗം അവസാനിപ്പിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഡി.എം.കെ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ആലോചിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. പ്രസംഗത്തിന്റെ തുടക്കത്തിൽ 'തമിഴ് തായ് വാസ്തുവിനൊപ്പം' (സംസ്ഥാന ഗാനം) ദേശീയ ഗാനം ഉൾപ്പെടുത്തിയില്ലെന്നാണ് ഗവർണർ ആരോപിച്ചത്. പ്രസംഗം വായിക്കാത്തതിന് മറ്റ് 12 കാരണങ്ങളും ഗവർണർ നിരത്തി.
ഗവർണറുടെ മൈക്രോഫോൺ ആവർത്തിച്ച് സ്വിച്ച് ഓഫ് ചെയ്തതായും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രസംഗത്തിൽ നിരവധി അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ലോക് ഭവൻ പ്രസ്താവന പുറത്തിറക്കി.
ജനങ്ങളെ അലട്ടുന്ന നിരവധി നിർണായക വിഷയങ്ങൾ അവഗണിക്കപ്പെടുന്നു. താഴേത്തട്ടിലുള്ള ജീവനക്കാർക്കിടയിൽ വ്യാപകമായ അതൃപ്തി നിലനിൽക്കുന്നു. അവർ അസ്വസ്ഥരും നിരാശരുമാണ്. അവരുടെ യഥാർത്ഥ പരാതികൾ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പരാമർശമില്ലെന്നും ഗവർണർ ആരോപിച്ചു.
ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയതിനുശേഷം, സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രസംഗം ‘വായിച്ചതായി’ കണക്കാക്കാൻ ചെയറിന്റെ അനുമതിയോടെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സ്പീക്കർ എം അപ്പാവു മുഴുവൻ പ്രസംഗത്തിന്റെയും തമിഴ് വിവർത്തനം വായിച്ചു. ഗവർണർ സഭയെ അപമാനിക്കുകയും പാരമ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും സ്റ്റാലിൻ പറഞ്ഞു. വിവിധ പരിപാടികളിൽ നടത്തിയ പ്രസംഗങ്ങളിൽ ഗവർണർ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറായി ചുമതലയേറ്റതിനുശേഷം, 2022 ൽ മാത്രമാണ് രവി സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രസംഗം നടത്തിയത്. 2023 ൽ അദ്ദേഹം കുറച്ച് ഭാഗങ്ങൾ ഒഴിവാക്കി പ്രസംഗത്തിൽ ചില ഭാഗങ്ങൾ ചേർത്തു. പക്ഷേ 2024, 2025, 2026 വർഷങ്ങളിൽ പ്രസംഗം വായിക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
