
ദില്ലി: കര്‍ഷക സംഘടനകളുടെ പ്രതിഷേധ ഭീഷണിക്കിടെ പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) തെരഞ്ഞെടുപ്പ് പ്രചാരണ റാലി (Punjab Rally) വൈകിട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. റാലി നടക്കുന്ന ജലന്ധര്‍ കനത്ത സുരക്ഷയിലാണ്. ജലന്ധറിലെ വിവിധ മേഖലകളില്‍ നിരവധി കര്‍ഷക സംഘടന നേതാക്കളെയാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. റാലിക്കെത്തുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന് 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
റാലി നടക്കുന്ന സ്ഥലത്തും പ്രധാനമന്ത്രിയെത്തുന്ന വഴികളിലും കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധമറിയിക്കും. ഗ്രാമങ്ങളില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും ആഹ്വാനം നല്‍കിയിരിക്കുകയാണ്. താങ്ങുവിലയില്‍ സമിതി രൂപീകരിച്ചതല്ലാതെ തുടര്‍ നടപടികളില്ല. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിച്ചിട്ടില്ല. കര്‍ഷക വഞ്ചന കേന്ദ്രസര്‍ക്കാര്‍ തുടരുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രതിഷേധം. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് പൊലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്‍ടറില്‍ ജലന്ധറില്‍ എത്തിയ ശേഷം റാലി നടക്കുന്ന പിഎപി ഗ്രൗണ്ടിലേക്ക് റോഡ് മാര്‍ഗം പ്രധാനമന്ത്രി പോകുമെന്നാണ് അറിയുന്നത്.
ഫിറോസ് പൂരില്‍ ജനുവരി അഞ്ചിന് നിശ്ചയിച്ചിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ റോഡ് മാര്‍ഗം പോയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ഫ്ലൈഓവറിന് സമീപമാണ് കര്‍ഷകര്‍ തടഞ്ഞത്. ഏറെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി അന്വേഷണം തുടരുമ്പോഴാണ് പ്രതിഷേധ മുന്നറിയിപ്പുകള്‍ക്കിടെ നരേന്ദ്ര മോദി വീണ്ടും പഞ്ചാബിലെത്തുന്നത്. സുരക്ഷാ വീഴ്ച്ച പിന്നീട് ബിജെപിയുടെ പഞ്ചാബിലെ പ്രധാന പ്രചാരണ വിഷയവുമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam