ദില്ലിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാഹുൽ ഗാന്ധി കത്തയച്ചു. മാരകായുധങ്ങളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് രാഹുൽ ചോദിച്ചു. ഈ ക്രൂരമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും അദ്ദേഹം കത്തിലൂടെ ആരാഞ്ഞു.
ദില്ലി: കേന്ദ്രസർക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്ത വിദ്യാർഥികളെ കൊല്ലാൻ ആരാണ് നിർദേശം നൽകിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് രാഹുൽ ചോദിച്ചു. പെല്ലറ്റ് ആക്രമണത്തിൽ ഉത്തരവാദിത്തം ആർക്കെന്ന് അമിത്ഷാ വ്യക്തമാക്കണമെന്നും കത്തിലൂടെ രാഹുൽ ഉന്നയിച്ചു. അമിത്ഷാക്കയച്ച കത്തും രാഹുൽ പുറത്തുവിട്ടു. 2026 ജൂലൈ 20-ന് ദില്ലിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ശബ്ദം കേൾക്കുന്നതിന് പകരം, മാരകായുധങ്ങളും കണ്ണീർവാതകവും ഉൾപ്പെടെ പരിധിയില്ലാത്ത ബലപ്രയോഗത്തിലൂടെ സുരക്ഷാ സേന ആക്രമിക്കുകയാണ് ചെയ്തത്. നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങൾ വരെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചു.
മാരകമായ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതാണ് ഏറ്റവും ഞെട്ടിക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും രാഹുൽ പറഞ്ഞു. പെല്ലറ്റ് തോക്കുകൊണ്ടുള്ള വെടിയേറ്റ് കടുത്ത വേദന അനുഭവിക്കുന്ന, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹിൽ ലോചാബ് എന്ന 19 വയസ്സുകാരനായ കണ്ടെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയുടെ അന്തിമ ഉത്തരവാദിത്തം താങ്കൾക്കാണെന്നിരിക്കെ, ആഭ്യന്തര മന്ത്രി എന്ന നിലയിൽ, വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകമായ ബലപ്രയോഗം നടത്താൻ താങ്കൾ അനുമതി നൽകിയിരുന്നോയെന്നും താങ്കൾ അല്ലെങ്കിൽ, ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ചോദിച്ചു. സിവിൽ വസ്ത്രം ധരിച്ച് വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിയ വ്യക്തികൾ പൊലീസ് ഉദ്യോഗസ്ഥരാണോ അതോ വോളന്റിയർമാരാണോയെന്നും അവരെ വിന്യസിക്കാൻ ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ചോദിച്ചു.
